''നോ എന്നാൽ നോ'': മുൻകാല അടുപ്പം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരം സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി

 
India

''നോ എന്നാൽ നോ'': മുൻകാല അടുപ്പം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരം സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി

ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവവും ധാര്‍മികതയുമുള്ളത്

Namitha Mohanan

മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന് സ്ഥിരമായ സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാള്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ നിതില്‍ ബി. സൂര്യവംശി, എംഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ്. അതില്‍ അവ്യക്തതയില്ല. സമ്മതം എന്നത് ഓരോ സന്ദര്‍ഭത്തിലും അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്ന സ്ത്രീ മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അതേ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കണമെന്നില്ല.

ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവവും ധാര്‍മികതയുമുള്ളത്. 2014 ല്‍ നടന്ന കൂട്ടബലാത്സംഗ കേസിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. മുസ്ലീം യുവതി ഹിന്ദു യുവാവിനൊപ്പം ജീവിക്കുന്ന സമയത്താണ് സംഭവം. വസീം, ഷെയ്ഖ് കാദിര്‍ ഷെയ്ഖ് ജാക്കിര്‍ എന്നീ രണ്ടു പേര്‍ അസഭ്യം പറയുകയും പിന്നീട് ദമ്പതികളുടെ വാടക വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് ഭാര്യയുടെ വസ്ത്രം അഴിച്ച് മറ്റൊരു പുരുഷനുമായി അപമാനകരമായി പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഇതിന്‍റെ വിഡിയോ പ്രതികള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ദമ്പതികളെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശരാക്കി ഭര്‍ത്താവിനെ മാത്രം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വെ ജീവനക്കാരുടെ സഹായത്താലാണ് ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടത്. ഭാര്യയെ പ്രദേശത്തുള്ള വനപ്രദേശത്തേയ്ക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് മറ്റ് രണ്ട് പ്രതികളും ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ഐടി ആക്ട് എന്നിവ പ്രകാരം ഇവരെ വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളില്‍ ഒരാളുമായി സ്ത്രീക്ക് നേരത്തെ ബന്ധമുണ്ടെന്നും അവളുടെ പെരുമാറ്റം സ്വമേധയാ ഉള്ള പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുവെന്നുമുള്ള പ്രതിഭാഗത്തിൻ്റേ വാദം കോടതി നിരസിച്ചു.

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി