ന്യൂഡൽഹി: യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹി വീണ്ടും പ്രളയ ഭീതിയിൽ. തിങ്കളാഴ്ച രാവിലെ 7 മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 206.56 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ഡൽഹിയിൽ ഇന്നും ചെറിയ മഴ പെയ്യാൻ സാധ്യതയുള്ളതു കൊണ്ടു തന്നെ ജല നിരപ്പ് വീണ്ടും ഉയരുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ മഴ കനക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടാവസ്ഥ മുന്നിൽ കണ്ട് ഓൾഡ് യമുനാ ബ്രിഡ്ജിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. നദിയുടെ തീരത്തുള്ള ചില വീടുകളിലേക്ക് വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. തീരത്തു നിന്നും ജനങ്ങളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും കനത്ത മഴ മൂലം ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം നിലയ്ക്കാതെ യമുനയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.