കങ്കണ റണാവത്ത്
ന്യൂഡൽഹി: ഡൽഹി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരേ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി. നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണെന്ന കങ്കണയുടെ പരാമർശത്തിനെതിരേയാണ് യൂത്ത് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയത്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് അയച്ചത്.
കങ്കണ തന്‍റെ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് മാപ്പു പറയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടത് വസ്ത്രധാരണത്തിന്‍റെ ഭംഗിക്കല്ലെന്നും, മറിച്ച് ആരോഗ്യപ്രവർത്തകർ നേരിടുന്ന കഠിനമായ ജീവിതസാഹചര്യങ്ങൾക്കും വ്യവസ്ഥാപിത വെല്ലുവിളികൾക്കുമാണെന്നും പരാതിയിൽ പരാമർശിക്കുന്നു.
തന്‍റെ പുതിയ സിനിമയായ ഭാരത് ഭാഗ്യ വിധാതയിൽ നഴ്സായിട്ടാണ് നടി അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണ് മുംബൈയിലെ കാമ ആശുപത്രി. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് നടിയുടെ വിവാദ പരാമർശം.
നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്റ്റര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അതിനൊരു ബ്രിട്ടീഷ് ലുക്കാണ്. ഈ തൊപ്പിയും ബെൽറ്റുമൊക്കെ ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തെ യുഎസ് നേവിയിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടുള്ളതാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ ഈ പ്രതികരണം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. നിരവ ധി പേരാണ് കങ്കണയ്ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.