ദുബായ് നിരത്തുകളിലേക്ക് 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൂടി: 1.1 ബില്യൺ ദിർഹത്തിന്‍റെ കരാർ ഒപ്പുവെച്ച് ആർടിഎ
ദുബായ്: ദുബായുടെ പൊതുഗതാഗത സംവിധാനത്തിലേക്ക് 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൂടി എത്തുന്നു. ഇതിന്‍റെ ഭാഗമായി 1.1 ബില്യൺ ദിർഹത്തിന്‍റെ കരാറിൽ ദുബായ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഒപ്പുവെച്ചു. യൂറോപ്യൻ 'യൂറോ 6' ലോ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാണിവ. 40 ഇലക്ട്രിക് ബസുകളും ഇതിലുൾപ്പെടുന്നുണ്ട്. 2025ലും 2026ലുമായാണ് ബസുകളുടെ വിതരണം പൂർത്തിയാവുന്നത്.
രാജ്യാന്തര പൊതു ഗതാഗത അസോസിയേഷനായ യുഐടിപിയുടെ ഗ്ലോബൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഉച്ചകോടിയുടെ 2026ലെ ആതിഥേയരായി ദുബായെ തെരഞ്ഞെടുത്തത് ദുബായുടെ ആഗോള പ്രസക്തിയെ സൂചിപ്പിക്കുന്നുവെന്ന് ആർടിഎ എക്‌സിക്യൂട്ടിവ് ഡയറക്റ്റർ ബോർഡ് ചെയർമാനും ഡയറക്റ്റർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.
പൊതുഗതാഗതത്തിലൂടെയും മറ്റു യാത്രാ ഉപാധികളിലൂടെയും നടത്തിയ യാത്രകൾ 2006ലെ 6%ൽ നിന്ന് 2024ൽ 21.6% ആയി ഉയർന്നു.
2050 ആകുമ്പോഴേക്കും 100% വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവർത്തിക്കുന്ന പൊതു ഗതാഗത സംവിധാനത്തിലേക്ക് മാറാനുള്ള ആർടിഎയുടെ നയത്തിന്‍റെ ഭാഗമാണ് ഈ പുതിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.