ദുബായ് ഹാർബർ പാലത്തിന്‍റെ 90 ശതമാനം ജോലികളും പൂർത്തിയായി; യാത്രാസമയം 3 മിനിറ്റായി കുറയും

 
Pravasi

ദുബായ് ഹാർബർ പാലത്തിന്‍റെ 90 ശതമാനം ജോലികളും പൂർത്തിയായി; യാത്രാസമയം 3 മിനിറ്റായി കുറയും

പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ഷമാൽ ഹോൾഡിങ്ങുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ദുബായ് ഹാർബറിലേക്കും തിരിച്ചുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും

UAE Correspondent

ദുബായ്: ഷെയ്ഖ് സായിദ് റോഡിനെയും ദുബായ് ഹാർബറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാലത്തിന്‍റെ നിർമാണ ജോലികൾ 90 ശതമാനവും പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ഷമാൽ ഹോൾഡിങ്ങുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ദുബായ് ഹാർബറിലേക്കും തിരിച്ചുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ യാട്ട് മറീന സ്ഥിതി ചെയ്യുന്ന ദുബായ് ഹാർബറിലേക്കുള്ള യാത്രാസമയം ഇതോടെ 12 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി ചുരുങ്ങും.

1,500 മീറ്റർ നീളമുള്ള ഈ മേൽപ്പാലത്തിൽ ഇരുവശങ്ങളിലേക്കുമായി രണ്ട് വരി പാതകളാണുള്ളത്. മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ പാത.

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് (ദേര, ജബൽ അലി ഭാഗങ്ങളിൽ നിന്ന്) ദുബായ് ഹാർബറിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഈ മാസം തന്നെ പാലം തുറന്നുകൊടുക്കും.

ദുബായ് ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കുള്ള പാതയും, പുതിയ പാലത്തിൽ നിന്ന് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് - അൽ നസീം സ്ട്രീറ്റ് കവലയിലേക്കുള്ള ഭാഗവും ജൂലൈയോടെ പൂർണമായി തുറന്നുനൽകും. പദ്ധതിയുടെ ഭാഗമായി നാല് പ്രധാന ജംഗ്ഷനുകളുടെ നവീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. 12 ടീമുകളിലായി ആയിരത്തി നാനൂറിലധികം എഞ്ചിനീയർമാരും തൊഴിലാളികളുമാണ് ഈ പദ്ധതിക്കായി പ്രവർത്തിച്ചത്. നഗരത്തിന്‍റെ സാമ്പത്തിക-വിനോദസഞ്ചാര വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്‍റെ നിർമാണമെന്ന് ആർടിഎ ഡയറക്റ്റർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിനും പാം ജുമൈറയ്ക്കും ഇടയിലുള്ള ദുബായ് ഹാർബർ പരിസരത്തെ ഗതാഗതക്കുരുക്കിന് പുതിയ പാലം വലിയൊരു പരിഹാരമാകുമെന്ന് ഷമാൽ ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുള്ള ബിൻഹബ്തൂറും കൂട്ടിച്ചേർത്തു.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി