ആസ്വാദകർക്ക് വിസ്മയമായി മുദ്രാങ്കിതം; 'രസ ലാസ്യ താണ്ഡവ'ത്തോടെ രൗദ്ര ഭീമൻ
ദുബായ്: അംബ നാട്യ കലാക്ഷേത്രയുടെ നേതൃത്വത്തിൽ യു എ ഇ യിലെ പ്രമുഖ നൃത്താധ്യാപികയായ അംബ ശിവരാഗിന്‍റെ നൃത്ത സംവിധാനത്തിൽ അരങ്ങേറിയ 'മുദ്രാങ്കിതം' ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായി. നാടകം, നൃത്തം, നങ്ങ്യാർ കൂത്ത്, കഥകളി തുടങ്ങിയ കലകളെ സന്നിവേശിപ്പിച്ച് അംബ ശിവരാഗ് രൂപം കൊടുത്ത രസ ലാസ്യ താണ്ഡവ അവതരണ രീതിയിൽ അരങ്ങേറിയ രൗദ്ര ഭീമൻ എന്ന നൃത്ത നാടകമായിരുന്നു കാണികളെ ഏറെ ആകർഷിച്ചത്. ചൂതുകളി മുതൽ കൗരവ - പാണ്ഡവ യുദ്ധാവസാനം വരെയുള്ള മഹാഭാരതം കഥ സാധാരണക്കാർക്ക് ആസ്വദിക്കാനാകും വിധമാണ് അവതരിപ്പിച്ചത്. രൗദ്ര ഭീമനായി റിതിക രതീഷും ദുര്യോധനനായി സോണിയ ദാസും പാഞ്ചാലിയായി ദേവാൻഷി അരുണും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.
പ്രമുഖ സംഗീതജ്ഞൻ പ്രണവം മധുവിന്‍റെ ഗാനാലാപനവും കൃഷ്ണ പ്രസാദിന്‍റെ ചെണ്ട വാദ്യവും ശ്യാം ചേർത്തലയുടെ വയലിൻ വാദനവും രാജേഷ് രാഘവന്‍റെ മൃദംഗ വായനയും ശ്രീജിത്ത് ചെറുകുന്നിന്‍റെ മദ്ദള വായനയും ഹൃദ്യമായ അനുഭവമായി.
പല്ലവി പവിത്രൻ, മനു, എബിസൺ, സലാം, പവിത്രൻ,അരുൺ പാർത്ഥൻ,ചമയം നൗഷാദ്, ചന്ദ്ര പ്രതാപ്,രഘുറാം പൊതുവാൾ, സുജിത് മോഹൻ,രാജീവ് രവീന്ദ്രൻ,ആര്യക സുരേഷ്, ഹൃദ്യ,
ഷൈജു പാത്രമംഗലം എന്നിവർ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. ചമയം തിയറ്റേഴ്സിലെ
നാടക കലാകാരന്മാരുടെ സഹകരണത്തോടെയാണ് രൗദ്ര ഭീമന്‍റെ അവതരണം സാധ്യമായത്.
അജ്‌മാൻ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി സംഗീതജ്ഞൻ പ്രണവം മധു ഉദ്‌ഘാടനം ചെയ്തു. യു എ ഇ യിലെ മാധ്യമ പ്രവർത്തകരായ സാദിഖ് കാവിൽ, ജലീൽ പട്ടാമ്പി, ടി ജമാലുദ്ദിൻ,ശ്രീരാജ് കൈമൾ,റോയ് റാഫേൽ, രക്ഷാധികാരികളായ വിനീത റിതേഷ്, പവിത്രൻ എന്നിവർ പ്രസംഗിച്ചു. അംബ നാട്യ കലാക്ഷേത്രയിൽ അംബ ശിവരാഗിന്‍റെ കീഴിൽ വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും അമ്മമാരുടെ നൃത്താവതരണവും ഇതോടൊപ്പം നടന്നു. അനുഷ്ഠാന കലകളായ നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, കഥകളി, ചാക്യാർകൂത്ത്, കൃഷ്ണനാട്ടം തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾക്കു പുതിയ ഭാവുകത്വം പകരുന്നതിനാണ്
"രസലാസ്യ താണ്ഡവം " എന്ന നൂതന കലാ അവതരണരീതി രൂപപ്പെടുത്തിയതെന്ന് അംബ ശിവരാഗ് പറഞ്ഞു. ഭാരതീയ കലാരൂപങ്ങളുടെ നടനസാഹിത്യം, ശൈലി, ലയാഭിനയം എന്നിവയെ രസത്തോടെ അവതരിപ്പിക്കുകയും അതിനോട് അഭിനയത്തിന് പ്രാധാന്യം നൽകുന്ന 'അഭിനയപർവ' മെന്ന സംയോജിത ആവിഷ്കാരവും ചേരുമ്പോഴാണ് രസലാസ്യ താണ്ഡവം എന്ന നവീന അവതരണ രീതി പിറക്കുന്നതെന്ന് അംബ ശിവരാഗ് പറയുന്നു.