അബുദാബി പൊലിസിന്‍റെ പുതിയ അധ്യയന വർഷ സുരക്ഷാ പദ്ധതിക്ക് തുടക്കമായി
അബുദാബി: 2025 – 26 അധ്യയന വർഷത്തേക്കുള്ള അബുദാബി പൊലിസിന്‍റെ സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ക്ലാസ് മുറികളിലേക്ക് വിദ്യാർഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനും, എമിറേറ്റിലുടനീളം റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാനുമുള്ള സമഗ്ര പദ്ധതിക്കാണ് തുടക്കമായത്. ഈ സംരംഭത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള അവബോധ പരിപാടികൾ, മയക്കുമരുന്ന് ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, പൗര ബോധത്തിന്‍റെയും ധാർമിക പെരുമാറ്റത്തിന്‍റെയും മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള ക്യാംപയിനുകൾ എന്നിവ ഉൾപ്പെടുന്നു.
ജങ്ഷനുകളിലും പ്രധാന റോഡുകളിലും പട്രോളിങ്, കാൽനട പാതകളിൽ കർശന നിരീക്ഷണം, ഡ്രൈവർമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സ്കൂൾ ബസ് ഓപറേറ്റർമാർ എന്നിവർക്കുള്ള ബോധവത്കരണ സെഷനുകൾ എന്നിവ ഉൾപ്പെടെ ഗതാഗത സുരക്ഷാ നടപടികളും ഇതിന്‍റെ ഭാഗമായി നടത്തും.
ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കളെ ബോധവത്ക്കരിക്കാനും, സ്കൂളുകൾക്ക് സമീപം വേഗത കുറയ്ക്കാനും, നിരത്തുകളിൽ ബസ് 'സ്റ്റോപ്' അടയാളങ്ങൾ അനുസരിക്കാനും, പൊലീസ് പട്രോളിങുമായി സഹകരിക്കാൻ വാഹനമോടിക്കുന്നവരെ ഓർമിപ്പിക്കാനും ഒരു ബഹുഭാഷാ മാധ്യമ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.