പാർകിൻ കമ്പനിയും ദുബായ് ടാക്സി കമ്പനിയും തമ്മിൽ കരാർ
ദുബായ്: ദുബായിലെ ടാക്സി ഡ്രൈവർമാർക്കുള്ള സൗകര്യം വർധിപ്പിക്കുന്നതിനായി പാർക്കിൻ കമ്പനിയായ പിജെഎസിയും ദുബായ് ടാക്സി കമ്പനിയും തമ്മിൽ ധാരണയിലെത്തി. 2025 ലെ ജൈറ്റക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഇത് പ്രകാരം പാർക്കിങ് സോണുകൾക്കുള്ളിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളും ഉണ്ടാകും.
ദുബായിലെ തിരക്കേറിയ വാണിജ്യ മേഖലകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മൾട്ടി - സ്റ്റോറി കാർ പാർക്കിങ് കെട്ടിടങ്ങൾ നിർമിക്കുമെന്ന് പാർക്കിൻ കമ്പനി സിഇഒ മുഹമ്മദ് അൽ അലി അറിയിച്ചു. ഇതിൽ ഒരെണ്ണത്തിന്‍റെ നിർമാണം ബർ ദുബായിലെ അൽ സൂഖ് അൽ കബീറിൽ പുരോഗമിക്കുകയാണ്.
അൽ സബ്ഖ, അൽ റിഗ്ഗ, ഡൗൺ ടൗൺ ദുബായ്, ദെയ്റ എന്നീ പ്രദേശങ്ങളിലാണ് മറ്റുള്ളവ നിർമിക്കുന്നത്. നിലവിൽ ഊദ് മേത്ത, അൽ ജാഫിലിയ, ബനിയാസ്, നായിഫ്, അൽ ഗുബൈബ, അൽ സത് വ, അൽ റിഗ്ഗ എന്നിവിടങ്ങളിലെ മൾട്ടി-സ്റ്റോറി കാർ പാർക്കുകളിലായി 3,651 പാർക്കിങ് സ്ഥലങ്ങളാണ് പാർക്കിൻ കൈകാര്യം ചെയ്യുന്നത്.