ബൈക്ക് ഡെലിവറി റൈഡർമാർക്ക് അതിവേഗ പാതകളിൽ വിലക്ക്

 
Pravasi

ബൈക്ക് ഡെലിവറി റൈഡർമാർക്ക് അതിവേഗ പാതകളിൽ വിലക്ക്

നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും

UAE Correspondent

ദുബായ്: നവംബർ 1 മുതൽ ബൈക്ക് ഡെലിവറി റൈഡർമാർക്ക് ദുബായ് റോഡുകളിലെ അതിവേഗ പാതകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബൈക്ക് ഡെലിവറി റൈഡർമാർ ഉൾപ്പെട്ട ഗതാഗത നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ചേർന്നാണ് സുപ്രധാന തീരുമാനമെടുത്തത്.

പുതിയ നിയമങ്ങൾ അനുസരിച്ച് മൂന്നോ അതിൽ കൂടുതലോ ലെയ്നുകളുള്ള റോഡുകളിൽ ഇടതുവശത്തെ 2 ലെയ്നുകൾ (അതിവേഗ പാത) ഉപയോഗിക്കുന്നതിൽനിന്നാണ് ഡെലിവറി റൈഡർമാർക്ക് വിലക്കേർപ്പെടുത്തിയത്. ഒന്നോ രണ്ടോ ലെയ്നുകളുള്ള റോഡുകളിൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

ദുബായ് റോഡുകളിൽ ബൈക്ക് റൈഡർമാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനെ തുടർന്നാണ് നിയന്ത്രണമെന്ന് ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടിവ് ഹുസൈൻ അൽ ബന്ന പറഞ്ഞു. അതിവേഗ പാതകളിൽ ബൈക്കുകൾക്ക് വിലക്കുണ്ടെന്നു കാണിക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും പറഞ്ഞു.

ലെയ്ൻ നിയമം ലംഘിച്ചാൽ 500 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 700 ദിർഹമായി വർധിക്കും. മൂന്നാമതും നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. വേഗപരിധി മറികടക്കുന്നവർക്ക് 200 ദിർഹം പിഴയുണ്ട്. ആവർത്തിച്ചാൽ പിഴ 300 ദിർഹമായി വർധിക്കും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ ഈടാക്കും.

കഴിഞ്ഞ വർഷം 854 ട്രാഫിക് അപകടങ്ങളാണ് ഡെലിവറി റൈഡർമാരുടെ തെറ്റു മൂലം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഒൻപതര മാസം പിന്നിട്ടപ്പോൾ തന്നെ അപകടങ്ങളുടെ എണ്ണം 962 ആയി വർധിച്ചു.

പമ്പയിൽ കുളിച്ച് ഇരുമുടിക്കെട്ടേന്തി രാഷ്‌ട്രപതി; കെട്ട് നിറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും

"ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ തടസമില്ല"; ഗുരുതര കുറ്റാരോപണമെന്ന് ബെൽജിയം കോടതി

പക വീട്ടാൻ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രതി രക്ഷപ്പെട്ടു

സ്വർണ വില താഴേക്ക്; പവന് 2480 രൂപ കുറഞ്ഞു, പ്ലാറ്റിനം, വെള്ളി വിലയിലും കുറവ്

രാഷ്‌ട്രപതിയുടെ സന്ദർശനം; പ്രമാടത്ത് സുരക്ഷാ വീഴ്ച, ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു|Video