ജിസിസിയിലെ വിപുലമായ റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ് 
Pravasi

ജിസിസിയിലെ വിപുലമായ റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ്

ദുബായ് എസിഒസിയുടെ 80% ഓഹരികൾ ഏറ്റെടുത്തു

അബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ഇതിന്‍റെ ഭാഗമായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്‍ററിന്‍റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ ഏറ്റെടുത്തു. റേഡിയേഷൻ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, കീമോതെറാപ്പി സേവനങ്ങളിൽ പ്രാവീണ്യം തെളിയിച്ച എസിഒസിയിലൂടെ നടപ്പാക്കുന്ന പദ്ധതി അർബുദ ചികിത്സ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

എസിഒസിയുടെ ഇക്വിറ്റി ഓഹരി 92 ദശലക്ഷം ദിർഹത്തിനാണ് (ഏകദേശം 217 കോടി രൂപ) ബുർജീൽ ഏറ്റെടുത്തത്. സെന്‍ററിന്‍റെ നിലവിലുള്ള കടങ്ങളോ ബാധ്യതകളോ ആസ്തിയോ കണക്കാക്കാതെ, ശേഷിക്കുന്ന ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്‌ഷനോടെയാണ് ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം എസിഒസി 64 ദശലക്ഷം ദിർഹം വരുമാനം നേടിയിരുന്നു. എസിഒസിയുടെ സ്ഥാപകനും സിഇഒ യുമായ ബഷീർ അബൗ റെസ്ലാൻ 10% ഓഹരി നിലനിർത്തി സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 10% ഓഹരി നിലവിലുള്ള ഉടമയായ റാഫേൽ ഖ്ലാത്ത് മിഡിൽ ഈസ്റ്റ് എഫ് സെഡ് സി ഒ കൈവശം വയ്ക്കും.

വാർഷിക ആഗോള കാൻസർ രോഗനിർണയ കണക്ക് 2024 ലെ 20 ദശലക്ഷത്തിൽ നിന്ന് 2040 ആകുമ്പോൾ 30 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജിസിസി മേഖലയിൽ അടുത്ത രണ്ടു ദശാബ്ദത്തിനിടയിൽ കാൻസർ രോഗികളുടെ എണ്ണം 50 ശതമാനത്തോളം ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം നേരിടാൻ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ബോധ്യത്തെത്തുടർന്നാണ് എസിഒസിയുമായി ചേർന്ന് അർബുദ പരിചരണ മേഖല വിപുലീകരിക്കാൻ പദ്ധതി തയ്യാറാക്കിയതെന്ന് ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ശൃംഖലയുടെ ഭാഗമായി ആരംഭിക്കുന്ന സെന്‍ററുകൾ 'ലിനക്‌' സംവിധാനങ്ങൾ,എ ഐ അധിഷ്ഠിത റേഡിയേഷൻ ആസൂത്രണം, നൂതന ഇമേജിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടുന്ന അത്യാധുനിക റേഡിയേഷൻ തെറാപ്പി കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഇതോടൊപ്പം, ബുർജീലിന്‍റെ ഒറാക്കിൾ ഹെൽത്ത് ഇലക്ട്രോണിക് മെഡിക്കൽ സംവിധാനമുപയോഗിച്ച് മെഡിക്കൽ ഗവേഷണവും ഡേറ്റ അധിഷ്ഠിത നവീകരണങ്ങളും നടത്തും.

യുഎഇ യിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിട്ട്യൂട്ടിനെ ഈ ഏറ്റെടുക്കൽ ശക്തിപ്പെടുത്തുമെന്ന് ജോൺ സുനിൽ വ്യക്തമാക്കി. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബുർജീൽ കാൻസർ ഇന്സ്ടിട്യൂട്ടിലൂടെ സർജിക്കൽ ഓങ്കോളജി, ഇമ്മ്യൂണോതെറാപ്പി, റോബോട്ടിക് സർജറി, മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നിവയുൾപ്പെടുന്ന സമഗ്ര സേവനങ്ങളാണ് ബുർജീൽ നൽകി വരുന്നത്.

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; മരണസംഖ‍്യ 500 കടന്നു

''സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം''; ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ

ഷാർജയിലെ അതുല‍്യയുടെ മരണം; കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് സഹോദരി

21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് കസ്റ്റഡിയിൽ