എച്ച്1ബി വിസ ഫീസ് വർധന കോടതി റദ്ദാക്കി.
Representative image
യുഎസ് ബോസ്റ്റൺ ഫെഡറൽ കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ എച്ച്-1ബി വിസയുടെ 1 ലക്ഷം ഡോളർ വൺ-ടൈം ഫീസ് വർധന നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കി. അമേരിക്കയിൽ ജോലി തേടുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും മറ്റ് വിദേശ വിദഗ്ധർക്കും വലിയ ആശ്വാസമാണ് ഈ വിധി നൽകുന്നത്. എന്നാൽ വൈറ്റ് ഹൗസ് അപ്പീൽ പോകുമെന്ന് സൂചന നൽകി.
ബോസ്റ്റൺ: അമെരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും മറ്റ് വിദേശ ഉദ്യോഗാർഥികൾക്കും വൻ ആശ്വാസം നൽകിക്കൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ നിർണായക വിധി. എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളറിന്‍റെ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വൻ ഫീസ് വർധന മാസച്യുസെറ്റ്സിലെ ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി. ഈ ഫീസ് വർധനവ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസയുടെ വൺ-ടൈം അപേക്ഷാ ഫീസ് കുത്തനെ ഉയർത്തിയത്. ഈ തീരുമാനത്തിനെതിരേ സമർപ്പിക്കപ്പെട്ട മൂന്ന് പ്രധാന ഹർജികളിൽ ഒന്നിലാണ് ഇപ്പോൾ ബോസ്റ്റൺ കോടതിയിൽ നിന്ന് അനുകൂല വിധി വന്നിരിക്കുന്നത്. നേരത്തെ, 2025 ഡിസംബറിൽ വാഷിങ്ടൺ ഡിസിയിലെ മറ്റൊരു ഫെഡറൽ കോടതി യുഎസ് ചേംബർ ഒഫ് കൊമേഴ്സ് നൽകിയ കേസിൽ ഫീസ് വർധനവിനെ അനുകൂലിച്ചിരുന്നു.
എന്താണ് H-1B വിസ
യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ലേബറിന്‍റെ കണക്കനുസരിച്ച്, പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിൽ (Specialty Occupations) വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ താത്കാലികമായി നിയമിക്കാൻ അമെരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്‍റ് വിസയാണിത്. ചുരുങ്ങിയത് ഒരു ബാച്ചിലർ ബിരുദമോ അതിനു തുല്യമായ യോഗ്യതയോ ആഴത്തിലുള്ള സാങ്കേതിക അറിവോ ആവശ്യമുള്ള തസ്തികകളാണ് ഈ പരിധിയിൽ വരുന്നത്. മോഡലിങ് രംഗത്തെ പ്രതിഭകൾക്കും ഈ വിസ നൽകാറുണ്ട്.
അമെരിക്കയിൽ ലഭ്യമാകാത്ത പ്രത്യേക ബിസിനസ് വൈദഗ്ധ്യവും പ്രൊഫഷണലുകളെയും വിദേശത്തുനിന്ന് കണ്ടെത്താൻ യുഎസ് കമ്പനികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആമസോൺ, ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS), മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോംസ്, ആപ്പിൾ തുടങ്ങിയ ആഗോള ഐടി ഭീമന്മാരാണ് ഈ വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒരു ലോട്ടറി സംവിധാനത്തിലൂടെയാണ് പ്രതിവർഷം എച്ച്-1ബി വിസകൾ അനുവദിക്കുന്നത്. സാധാരണയായി 65,000 വിസകളും, ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി 20,000 വിസകളുമടക്കം ആകെ 85,000 വിസകളാണ് ഒരു വർഷം അനുവദിക്കാറുള്ളത്. 3 മുതൽ 6 വർഷം വരെ കാലാവധിയുള്ള ഈ വിസകൾ പിന്നീട് പുതുക്കാനും സാധിക്കും.
ട്രംപ് കൊണ്ടുവന്ന 1 ലക്ഷം ഡോളർ ഫീസ്
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസയുടെ ശരാശരി ഫീസ് 2,000 ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായി ഒറ്റയടിക്ക് ഉയർത്തിയത്. അമെരിക്കയിലേക്ക് ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികളായിരുന്നു ഈ തുക ഒടുക്കേണ്ടിയിരുന്നത്. വിദേശ തൊഴിലാളികളെ കമ്പനികൾ വൻതോതിൽ നിയമിക്കുന്നത് വഴി അമെരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന ട്രംപ് ഭരണകൂടത്തിന്‍റെ വിലയിരുത്തലിനെ തുടർന്നാണ് ഈ കടുത്ത നടപടി സ്വീകരിച്ചത്.
ഇത്തരമൊരു നീക്കം ട്രംപിന്‍റെ ഭാഗത്തുനിന്ന് ആദ്യമായല്ല ഉണ്ടാകുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ പ്രസിഡന്‍റ് കാലാവധിയിൽ (2017-ൽ) വിസ അപേക്ഷകളുടെ പരിശോധന കർശനമാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഫലമായി 2018-ൽ എച്ച്-1ബി വിസ നിരസിക്കപ്പെടുന്ന നിരക്ക് 24 ശതമാനമായി ഉയർന്നിരുന്നു. ഒബാമ ഭരണകൂടത്തിന്‍റെ കാലത്ത് ഇത് വെറും 5-8 ശതമാനവും, ജോ ബൈഡൻ സർക്കാരിന്‍റെ കാലത്ത് 2-4 ശതമാനവും മാത്രമായിരുന്നു.
ഇന്ത്യക്കാർക്ക് നിർണായകം
അമെരിക്കയിലെ എച്ച്-1ബി വിസ ഹോൾഡർമാരിൽ സിംഹഭാഗവും ഇന്ത്യൻ പ്രൊഫഷണലുകളാണ്. യുഎസ് ഭരണകൂടത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ അനുവദിച്ച ആകെ എച്ച്-1ബി വിസകളിൽ 70 ശതമാനവും ലഭിച്ചത് ഇന്ത്യൻ ജീവനക്കാർക്കാണ്. രണ്ടാമതുള്ള ചൈനക്കാർക്ക് വെറും 11-12 ശതമാനം മാത്രമാണ് ലഭിച്ചത്.
അമെരിക്കയിലെ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ളവരും ഉയർന്ന വരുമാനം നേടുന്നവരുമായി മാറിയതിന് പിന്നിലെ പ്രധാന കാരണം ഈ എച്ച്-1ബി വിസ സംവിധാനമാണെന്ന് 'ദി അദർ വൺ പെർസെന്‍റ്' (The Other One Percent) എന്ന പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഫീസ് റദ്ദാക്കിയ നടപടി ഇന്ത്യൻ ഐടി മേഖലയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
ഇനി എന്ത്
കോടതി വിധി കമ്പനികൾക്കും ജീവനക്കാർക്കും താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ഈ സന്തോഷം അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് സൂചന. ഈ വിധിക്കെതിരേ അപ്പീൽ കോടതിയെ സമീപിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് വ്യക്തമാക്കി. "എച്ച്-1ബി പ്രോഗ്രാം പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു, അത് പരിഹരിക്കാനാണ് പ്രസിഡന്‍റ് ട്രംപ് നടപടിയെടുത്തത്. വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി ഇതേ ഉത്തരവ് ശരിവെച്ചിട്ടുള്ളതിനാൽ, അപ്പീലിലൂടെ ഈ വിധി റദ്ദാക്കാൻ കഴിയുമെന്ന് ഭരണകൂടത്തിന് ഉറപ്പുണ്ട്," വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
വിഷയത്തിൽ വിദഗ്ധർക്കും ഇതേ ആശങ്കയാണുള്ളത്. "കോടതി ഉത്തരവ് താത്കാലികമായി എല്ലാവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്, എങ്കിലും ഈ പ്രതിസന്ധി ഇവിടെക്കൊണ്ട് അവസാനിക്കുമോ എന്ന് കണ്ടറിയണം," എന്ന് പ്രവാസി കൂട്ടായ്മയായ ഇന്ത്യാസ്പൊറയുടെ (Indiaspora) എക്സിക്യൂട്ടിവ് ഡയറക്റ്റർ സഞ്ജീവ് ജോഷിപുര പ്രതികരിച്ചു. വരും ദിവസങ്ങളിൽ യുഎസ് അപ്പീൽ കോടതി എടുക്കുന്ന നിലപാടായിരിക്കും ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ഭാവി നിർണയിക്കുക.