വ്യാജ രേഖ ഉണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ചു; ഏഷ്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു
ദുബായ്: വ്യാജ രേഖ ഉണ്ടാക്കി നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരന് ദുബായ് ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിൽ പോയ അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. 2.10 ലക്ഷം ദിർഹം പിഴയായി ഇരുവരും ചേർന്ന് കെട്ടിവയ്ക്കാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഹോട്ടൽ മാനേജരായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ അറബ് നിക്ഷേപകനിൽ നിന്ന് പണം തട്ടിയെടുത്തത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവൻ 3.80 ലക്ഷം ദിർഹത്തിന് വാടകയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവർ നിക്ഷേപകനിൽ നിന്ന് 2.10 ലക്ഷം ദിർഹം മുൻകൂറായി കൈപ്പറ്റുകയായിരുന്നു.
ബാക്കി തുകയ്ക്കുള്ള ചെക്കും ഇവർ വാങ്ങി. ഹോട്ടൽ അധികൃതരുടെ അനുമതിക്ക് ശേഷം ചെക്കിൽ വിവരങ്ങൾ ചേർക്കാമെന്ന് പറഞ്ഞ് പ്രതികൾ നിക്ഷേപകനെ കബളിപ്പിച്ചുവെന്നാണ് കേസ്.