950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ്: ദുബായിലെ ഹോട്ടൽ ഉടമ ഇന്ത്യയിൽ അറസ്റ്റിൽ

 
Pravasi

950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ്: ദുബായിലെ ഹോട്ടൽ ഉടമ ഇന്ത്യയിൽ അറസ്റ്റിൽ

ഫരീദാബാദ് ആസ്ഥാനമായുള്ള ഒരു എൻഞ്ചിനീയർ 2024 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്

ദുബായ്: 950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസിൽ ദുബായിലെ ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദ് പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യാജ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ട ഫരീദാബാദ് ആസ്ഥാനമായുള്ള ഒരു എൻഞ്ചിനീയർ 2024 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 11 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ വഴി 880,000 ദിർഹത്തിന്‍റെ തട്ടിപ്പ് നടത്തിയതായി എഞ്ചിനീയർ പരാതിയിൽ പറയുന്നു.

കേസിൽ അറസ്റ്റിലായ 12-ാമത്തെ പ്രതിയാണ് ഇയാൾ. ഇയാളുടെ കൂട്ടാളിയെയും മറ്റ് മൂന്ന് പേരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ദുബായ് മറീനയിൽ ഫോർ സ്റ്റാർ ഹോട്ടൽ നടത്തിയിരുന്ന 39 കാരനായ പ്രതി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെ ക്രിപ്‌റ്റോകറൻസി പദ്ധതിയായ HPZ ടോക്കണിന്‍റെ പേരിൽ കബളിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അഴിമതിയുടെ പ്രധാന സൂത്രധാരൻ ഇയാളാണെന്നും പൊലീസ് അറിയിക്കുന്നു.

ഈ വർഷം ആദ്യം ഒരു ഇന്ത്യൻ കോടതി ഇയാളെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. എച്ച്പിഇസഡ് ടോക്കൺ കേസിൽ 2.2 ബില്യൺ രൂപയുടെ (956 മില്യൺ ദിർഹം) കള്ളപ്പണം വെളുപ്പിച്ചതായി ഇഡി അറിയിച്ചു. പ്രതി തന്‍റെ ദുബായ് ബിസിനസുകൾ ഉപയോഗിച്ച് പേയ്‌മെന്‍റ് ഗേറ്റ്‌വേകൾ വഴി ഇന്ത്യയിൽ നിന്ന് അനധികൃത ഫണ്ടുകൾ പുറത്തേക്ക് മാറ്റുകയും പിന്നീട് അവ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുകയും ക്രിപ്‌റ്റോ ചൈനീസ് ഹാൻഡ്‌ലർമാർക്ക് കൈമാറുകയും ചെയ്‌തതായി ഇ ഡി ആരോപിച്ചു.

ഇരകളെ ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും ക്രിപ്‌റ്റോ-മൈനിങ് സ്കീമുകൾ എന്നറിയപ്പെടുന്നവയിൽ നിക്ഷേപിക്കാനും തട്ടിപ്പ് സംഘം പ്രലോഭിപ്പിക്കും. ആദ്യ ഘട്ടത്തിൽ വൻ ലാഭം നൽകി നിക്ഷേപകരുടെ വിശ്വാസം ആർജിക്കും. എന്നാൽ കൂടുതൽ തുകകൾ നിക്ഷേപിച്ചുകഴിഞ്ഞാൽ തുക പൂർണമായും നഷ്‌ടപ്പെടും.

കേസുമായി ബന്ധപ്പെട്ട 497 കോടി രൂപയുടെ (216 മില്യൺ ദിർഹം) ആസ്തികൾ ഇഡി ഇതുവരെ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തിട്ടുണ്ട്. പണമിടപാട് മറച്ചുവെക്കാൻ പ്രതിയും കൂട്ടാളികളും സ്ഥാപിച്ച 200 ലധികം ഷെൽ കമ്പനികൾ കണ്ടെത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ