വ്യാജ ചെക്കുകൾ ഉപയോഗിച്ച് കാർ വിൽപന: തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പൊലീസ്

 
Pravasi

വ്യാജ ചെക്കുകൾ ഉപയോഗിച്ച് കാർ വിൽപ്പന: തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പൊലീസ്

ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, വാഹനം ഉടൻ തന്നെ രാജ്യത്തിന് പുറത്തേക്ക് അയക്കുന്നു.

ദുബായ്: ജനപ്രിയ ക്ലാസിഫൈഡ് വെബ്‌സൈറ്റിന്‍റെ മറവിൽ, വ്യാജ ചെക്കുകൾ നൽകി നിരവധി കാർ ഉടമകളെ വഞ്ചിച്ച കേസിൽ ഉൾപ്പെട്ട തട്ടിപ്പ് സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആസൂത്രിത പദ്ധതിയനുസരിച്ച്, സംഘത്തിലെ ഒരാൾ വാഹനങ്ങൾ വാങ്ങുന്നയാളെന്ന വ്യാജേന വിൽപ്പനക്കാരുമായി ബന്ധം സ്ഥാപിക്കും.

ഉടമസ്ഥാവകാശ കൈമാറ്റം അന്തിമമാക്കുന്നതിനും വ്യാജ ചെക്ക് നൽകുന്നതിനും സംഘത്തിലെ മറ്റൊരാൾ കമ്പനി പ്രതിനിധിയായി ആൾമാറാട്ടം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, വാഹനം ഉടൻ തന്നെ രാജ്യത്തിന് പുറത്തേക്ക് അയക്കുന്നു.

പല കേസുകളിലും ഫണ്ടുകൾ ക്ലിയർ ചെയ്‌തെന്ന് സ്ഥിരീകരിക്കുന്നതിന് മുൻപ് വിൽപ്പനക്കാർ അവരുടെ കാറുകൾ കൈമാറിക്കഴിഞ്ഞിരിക്കും. പിന്നീടാണ് ചെക്കുകൾ വ്യാജമാണെന്ന് കണ്ടെത്തുക. യുഎഇക്കകത്തും പുറത്തും സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്‍റിലെ ആന്‍റി-ഫ്രോഡ് സെന്‍ററിന് ലഭിച്ചിരുന്നു.

പ്രതികൾ ഓൺലൈനിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലകൂടിയ വാഹനങ്ങൾ തെരഞ്ഞെടുത്ത് ഇരകളുടെ വിശ്വാസം നേടാൻ പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികളായി വേഷം മാറും. കാർ പരിശോധിക്കാൻ അവരുടെ ഒരു പങ്കാളിയെ വിൽപനക്കാരന്‍റെ വീട്ടിൽ അയയ്ക്കുകയും, തുടർന്ന് വാഹന രജിസ്ട്രേഷന്‍റെ ബ്രാഞ്ചിൽ രാത്രി വൈകി അന്തിമ ഇടപാട് നടത്താൻ ക്രമീകരണം നടത്തുകയും ചെയ്യും.

ഉടമസ്ഥാവകാശം കൈമാറിയ ശേഷം, തട്ടിപ്പ് സംഘം പുതുതായി രജിസ്റ്റർ ചെയ്ത ഉടമയുടെ പാസ്‌പൊർട്ടിന്‍റെ പകർപ്പുപയോഗിച്ച് അതേ രാത്രിയിൽ വാഹനം വിദേശത്തേക്ക് അയയ്ക്കും. ഇര ചെക്ക് പണമാക്കാൻ ശ്രമിക്കുമ്പൊൾ മാത്രമേ തട്ടിപ്പ് അറിയുകയുള്ളൂ. വാഹനങ്ങൾ വിൽക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുബായ് പൊലിസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ബാങ്കുകളിൽ ചെക്കിന്‍റെ ആധികാരികത പരിശോധിക്കണമെന്നും ഉടമസ്ഥാവകാശം ഒപ്പിട്ട് നൽകുന്നതിന് മുൻപ് മുമ്പ് മുഴുവൻ തുകയും കിട്ടിയെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു.

വഞ്ചന, സൈബർ തട്ടിപ്പ് എന്നിവ നടന്നാൽ അടുത്തുള്ള പൊലീസ് സ്റ്റേഷൻ വഴിയോ ദുബായ് പൊലീസിന്‍റെ ഇ-ക്രൈം പ്ലാറ്റ്‌ഫോമിലോ (www.ecrime.ae) അല്ലെങ്കിൽ ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി