കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് ദുബായ് പൊലീസ്  
Pravasi

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് ദുബായ് പൊലീസ്

ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന സുഹൃത്തുക്കളെക്കുറിച്ചും നിരീക്ഷണം നടത്തണമെന്ന് ദുബായ് പൊലീസ് പറഞ്ഞു

ദുബായ്: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന സുഹൃത്തുക്കളെക്കുറിച്ചും നിരീക്ഷണം നടത്തണമെന്ന് ദുബായ് പൊലീസ്. കുട്ടികളോടൊത്ത് ദിവസം ഒരു മണിക്കൂർ നേരമെങ്കിലും ചെലവഴിക്കണമെന്നും ദുബായ് പൊലീസിലെ വെർച്വൽ അസറ്റ്സ് ക്രൈം വിഭാഗം മേധാവി മേജർ താരിഖ് ബിൽഹൂൽ നിർദേശിച്ചു.

10 വയസിന് താഴെയുള്ള കുട്ടികൾ അവരുടെ ഫോണുകൾ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു. ഫോണുകൾ എടുക്കരുതെന്ന് അവരോടു പറയാനാവില്ല, എന്നാൽ അവരുമായി ഒരു സംഭാഷണം നടത്തുന്നത് വളരെ പ്രധാനമാണ് എന്ന് അദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ ഓൺലൈനിൽ ചെയ്യുന്നത് നിഷ്കളങ്കമായ കാര്യങ്ങളാവാമെന്ന് കരുതരുത്.

ഗെയിമിംഗ് സ്‌പേസിൽ നിരവധി കാര്യങ്ങൾ നടക്കുന്നതിനാൽ കുട്ടികൾ ഉൾപ്പെടുന്ന പ്രത്യേക ഡിജിറ്റൽ കുറ്റകൃത്യങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ ദുബായ് പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട ദ്വിദിന ദേശീയ ഉച്ചകോടിയിൽ 'കുറ്റകൃത്യത്തിന്‍റെ ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. സൈബർ ഭീകരത, ബയോമെട്രിക് ഡേറ്റ മോഷണം, ഡേറ്റ പോയ്സണിങ്, മെറ്റവേഴ്സിലെ കുറ്റകൃത്യങ്ങൾ എന്നിവയാണ് ഭാവിയിൽ മനുഷ്യർ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഭീഷണിയെന്ന് മേജർ താരിഖ് ബിൽഹൂൽ പറഞ്ഞു.

എല്ലാ പുതിയ സാങ്കേതിക വിദ്യകളും അവതരിപ്പിക്കുമ്പോൾ ആദ്യം അവയെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നത് കുറ്റവാളികളാണെന്ന് അദേഹം പറഞ്ഞു. അതുകൊണ്ട് പുതിയ കാലത്തെ സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ മനുഷ്യ ശേഷി വർധിപ്പിക്കുന്നതിന് നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. യുഎഇ സെൻട്രൽ ബാങ്ക്, സാമ്പത്തിക മന്ത്രാലയം എന്നിവയിലെയും യുഎസ്, യൂറോപ്പ്, ജിസിസി രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉച്ചകോടിയിൽ സംബന്ധിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്