സുഗമഗതാഗതത്തിന് അൽ വാസൽ - ഉമ്മൽ ഷീഫ് റോഡിൽ പുതിയ പാത ചേർത്ത് ദുബായ് ആർടിഎ
ദുബായ്: അൽ വാസൽ - ഉമ്മൽ ഷീഫ് റോഡ് ഇന്‍റർസെക്ഷനിൽ ഗതാഗതം സുഗമമാക്കാൻ പുതിയ പാത ചേർത്ത് ദുബായ് ആർടിഎ. തിരക്കേറിയ ജങ്ഷനിൽ കിഴക്കോട്ടുള്ള ദിശയിൽ രണ്ടാമത്തെ പാത കൂടി കൂട്ടിച്ചേർക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥിരീകരിച്ചു. പുതിയ പാത വരുന്നതോടെ കാത്തിരിപ്പ് സമയം കുറയുകയും ഗതാഗത കാര്യക്ഷമത വർധിക്കുകയും ചെയ്യും.
സമീപ മാസങ്ങളിൽ, അധികാരികൾ നിരവധി റൂട്ടുകളുടെ വീതികൂട്ടുകയും ഹോട്ട്‌സ്‌പോട്ടുകളിൽ സിഗ്നൽ സമയക്രമീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗതം സുഗമമാക്കുക,വിവിധ പ്രദേശങ്ങളുമായുള്ള കണക്റ്റിവിറ്റി ഉറപ്പുവരുത്തുക എന്നിവയാണ് ഈ വിപുലീകരണത്തിന്‍റെ ലക്ഷ്യമെന്ന് ആർടിഎ അധികൃതർ പറഞ്ഞു.