ദുബായ് : ദുബായിയോ എമിറേറ്റിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസം നൽകുന്നതിന് ശീതീകരിച്ച 40 വിശ്രമ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ദുബായ് ആർടിഎ അറിയിച്ചു. ഡെലിവറി കമ്പനികളുമായി സഹകരിച്ചാണ് ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ലഘു ഭക്ഷണ ഡിസ്പെൻസറുകൾ, വാട്ടർ കൂളറുകൾ, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയും ഈ വിശ്രമ കേന്ദ്രങ്ങളിലുണ്ട്. ഓരോ കേന്ദത്തിനും 10 പേരെ വരെ ഉൾക്കൊള്ളാനാകും.
സൂര്യപ്രകാശത്തിന്റെ ചൂട് കുറയ്ക്കുന്ന വിധത്തിലാണ് വിശ്രമ കേന്ദ്രത്തിന്റെ പുറംഭാഗങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഡേറ്റ വിശകലനം, ഡെലിവറി സേവനങ്ങളുടെ ആവശ്യകത, ഡെലിവറി കമ്പനികളുമായുള്ള ഏകോപനം എന്നിവ അടിസ്ഥാനമാക്കിയാണ് വിശ്രമ കേന്ദ്രങ്ങൾക്കുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഈ വിശ്രമ മേഖലകൾ സ്ഥാപിക്കുന്നത് ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം നൽകാനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.
2024 ജൂൺ വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,535 ഡെലിവറി കമ്പനികളും 46,600 ഡെലിവറി ബൈക്കുകളുമാണുള്ളത്. ഈ സംരംഭം എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷ ഉറപ്പുവരുത്തുകയും അപകടമരണം ഇല്ലാത്ത ദുബായ് ഗതാഗത സുരക്ഷാ നയം എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്രമ കേന്ദ്ര സ്ഥലങ്ങൾ: ഹിസ്സ സ്ട്രീറ്റ്, ബർഷ ഹൈറ്റ്സ്, അൽ ബർഷ, അൽ കറാമ, റിഗ്ഗത്ത് അൽ ബുതീൻ, ഉം സുഖീം (ജുമൈറ 3), ജുമൈറ (അൽ വസൽ റോഡ്), ദി ഗ്രീൻസ്, ദുബൈ വേൾഡ് ട്രേഡ് സെന്റർ, അൽ റാഷിദിയ, അൽ സത്‍വ, നദ്ദ് അൽ ഹമർ, അൽ നഹ്ദ, ഔദ് മൈതാ, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷണൽ സിറ്റി, ബിസിനസ് ബേ, ദൂബൈ മറീന, അൽ ജദ്ദാഫ്, മിർദിഫ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ദുബൈ മോട്ടോർ സിറ്റി, അൽ ഖർഹൂദ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
ഡെലിവറി സെക്ടർ എക്സലൻസ് അവാർഡ്: 2022ലാണ് കമ്പനികൾക്കും ഡെലിവറി റൈഡർമാർക്കും ഇടയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിനും, ഉയർന്ന റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി ആർ.ടി.എ ഡെലിവറി സർവിസ് എക്സലൻസ് അവാർഡ് ആരംഭിച്ചത്. 2024ൽ ആദ്യ പതിപ്പിലെ വിജയികളെ ആദരിച്ചു. ഈ വർഷം അവാർഡിന്റെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് മാനദണ്ഡം: ഡെലിവറി സെക്ടർ എക്സലൻസ് അവാർഡിൽ കമ്പനികൾ, റൈഡർമാർ, പങ്കാളികൾ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. രണ്ടാം പതിപ്പിൽ 'ഔട്ട്‌സ്റ്റാൻഡിംഗ് റൈഡർ' വിഭാഗത്തിലെ വിജയികളുടെ എണ്ണം 200 ആയി ഉയർത്തി. ഗുണനിലവാരം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കൽ, ആർ.ടി.എ നിയന്ത്രണങ്ങൾ പാലിക്കൽ, ആഗോള തലത്തിലെ മികച്ച രീതികളും നൂതന സാങ്കേതിക വിദ്യകളും സ്വീകരിക്കൽ, റൈഡർമാരുടെ തുടർ പരിശീലനവും യോഗ്യതയും ഉറപ്പാക്കൽ , ഉപയോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഡ്രൈവിംഗ് നിയന്ത്രണങ്ങൾ പാലിക്കൽ, ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ, പ്രൊഫഷണൽ ഡ്രൈവിംഗ് പെരുമാറ്റം എന്നിവയിൽ മികവ് പുലർത്തുന്നവരെയാണ് ബെസ്റ്റ് റൈഡർ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. സേവന മികവ്, സുരക്ഷ, പ്രൊഫഷണലിസം എന്നിവ ഉറപ്പാക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പങ്കാളികളുടെ വിഭാഗത്തിൽ അവാർഡ് നൽകുന്നത്.
റൈഡർ സുരക്ഷയിൽ ശ്രദ്ധ: സാധാരണയായി ഫാസ്റ്റ്, അല്ലെങ്കിൽ ഓവർടേക്കിംഗ് ലെയ്ൻ എന്ന് വിളിക്കപ്പെടുന്ന ഇടതു ലൈനിൽ പ്രവേശിക്കുന്നതിൽ നിന്നും ദുബായിലെ ഡെലിവറി റൈഡർമാരെ 2021ൽ അധികൃതർ വിലക്കിയിരുന്നു. ദീർഘമായ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ദുബായിൽ ഡെലിവറി റൈഡർമാർക്ക് ലൈസൻസ് നൽകുന്നത്.