സാമൂഹ്യ പ്രവർത്തനത്തിലെ മികവ്: ഷാർജ ഇന്ത്യൻ അസോസിയേഷന് ഷാർജ പൊലീസിന്‍റെ ആദരം
ഷാർജ: സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിയതിന് ഷാർജ ഇന്ത്യൻ അസോസിയേഷനെ ഷാർജ പൊലീസ് ആദരിച്ചു. ഷാർജ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ കമാൻഡർ ഇൻ ചീഫ് അബ്ദുല്ല മുബാറക് ബിൻ ആമിറിൽ നിന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പുരസ്‌കാരം ഏറ്റുവാങ്ങി.
ഷാർജ പൊലീസിന്‍റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും സമൂഹ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന പങ്കാളികളെ ആദരിക്കുന്നതിനാണ് ഷാർജ പൊലീസ് ചടങ്ങ് സംഘടിപ്പിച്ചത്.
ഷാർജയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം മുൻനിർത്തി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിന് അസോസിയേഷന് ലഭിച്ച ബഹുമതി മികച്ച നേട്ടമാണെന്നും ഷാർജ പൊലീസ് ഒരുക്കിയ വേദിയിൽ അംഗീകരിക്കപ്പെട്ട ഏക സംഘടന ഇന്ത്യൻ അസോസിയേഷൻ ഷാർജയാണ് എന്നത് തങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നു എന്നും അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പറഞ്ഞു.