തൊഴിൽ മേഖലയിലെ ചൂഷണം: പരാതികൾ പരിഹരിച്ചതായി യുഎഇ മന്ത്രാലയം
ദുബായ്: യുഎഇ തൊഴിൽ മേഖലയിലെ ചൂഷണം സംബന്ധിച്ച് ഈ വർഷം സെപ്റ്റംബർ വരെ തൊഴിൽ മന്ത്രാലയത്തിനു 12,000 രഹസ്യ പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. പരാതിക്കാരുടെ പേരും വിലാസവും പൂർണമായും രഹസ്യമായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. ഇതുകൂടാതെ തൊഴിൽ രംഗത്തെ ചൂഷണം സംബന്ധിച്ചു പൊതുജനങ്ങളിൽ നിന്നു 3,500 പരാതികൾ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ലഭിച്ച പരാതികളിൽ 61 ശതമാനവും മന്ത്രാലയത്തിന്‍റെ കോൾ സെന്‍റർ വഴിയുള്ളതാണ്. 36 ശതമാനം പേർ വെബ്സൈറ്റ് വഴി പരാതി നൽകിയപ്പോൾ സമാർട്ട് ആപ്ലിക്കേഷനിൽ പരാതിപ്പെട്ടതു 3 ശതമാനം പേരാണ്. പരാതികളിൽ 98% മന്ത്രാലയത്തിന്‍റെ മധ്യസ്ഥതയിൽ പരിഹരിച്ചു. 2 ശതമാനം പരാതികൾ മാത്രമാണു കോടതികളിലേക്കു റഫർ ചെയ്തത്.
വ്യാജ സ്വദേശിവൽക്കരണം, സ്വദേശിവൽക്കരണ വ്യവസ്ഥാ ലംഘനം, പീഡനം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്കും പരാതി നൽകാം.
സേവനാനന്തര തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാതിരിക്കുക, 2 മണിക്കൂറിൽ കൂടുതൽ തൊഴിലാളികളെ ഓവർടൈം ജോലിക്കു നിർബന്ധിക്കുക, വാർഷിക അവധി ആനുകൂല്യങ്ങൾ നൽകാതിരിക്കുക, ഔദ്യോഗിക രേഖകളില്ലാത്ത തൊഴിലാളികളുടെ സാന്നിധ്യം, തൊഴിലാളി താമസ ചട്ടങ്ങളുടെ ലംഘനം, തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ നിയമലംഘനം, ഉച്ച വിശ്രമനിയമം പാലിക്കാതിരിക്കുക, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത്, ജോലിസ്ഥലത്തു തൊഴിലാളികൾക്കുണ്ടാകുന്ന പരുക്കുകൾ എന്നിവയെല്ലാം പൊതുസമൂഹത്തിനു മന്ത്രാലയത്തെ അറിയിക്കാം.
തൊഴിൽ നിയമം ലംഘിച്ചതായി ബോധ്യപ്പെട്ടാൽ തൊഴിലാളിക്കും തൊഴിലുടമയ്ക്കും 30 ദിവസത്തിനകം മന്ത്രാലയത്തിൽ പരാതിപ്പെടാം. അപേക്ഷ ലഭിച്ചാൽ ഉടൻ മന്ത്രാലയം നടപടികൾ സ്വീകരിക്കും. ഇരുവിഭാഗത്തെയും മന്ത്രാലയത്തിൽ വിളിച്ചു വരുത്തി പരിഹരിക്കുകയാണ് ആദ്യപടി. ഇതു പരാജയപ്പെട്ടാൽ 14 ദിവസത്തിനകം കേസ് കോടതികൾക്കു കൈമാറും.