ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ന്യൂഡൽഹി: ഇറാൻ- യുഎസ് സംഘർഷം നാലാംദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യൻ മേഖലയിലെ വ്യോമാതിർത്തികളിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള വിമാന സർവീസുകൾ ചൊവ്വാഴ്ച ഭാഗികമായി പുനരാരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക റിലീഫ് സർവീസുകളും ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രത്യേക നടപടികൾ തുടങ്ങി. മാർച്ച് 3 ന് ഇൻഡിഗോ വിമാനം ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക വിമാനങ്ങൾ ചാർട്ട് ചെയ്തിട്ടുണ്ട്.
മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള നാലു വിമാനങ്ങൾക്ക് ഇതിനകം അനുമതി ലഭിച്ചു. മാർച്ച് 3, 4 തീയതികളിൽ മുംബൈ,ജിദ്ദ, മുംബൈ സെക്‌ടറിൽ സർവീസ് നടത്തുമെന്ന് ആകാശ എയർ അറിയിച്ചു. എന്നാൽ അബുദാബി, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 4 വരെ നിർത്തിവെച്ചിരിക്കുകയാണ്.