ഗുരുദേവന്‍റെ മതദർശനം ലോകസമാധാനത്തിന് മാർഗ്ഗ രേഖ: സ്വാമി സച്ചിദാനന്ദ
ദുബായ്: ശ്രീനാരായണ ഗുരുദേവന്‍റെ മതദർശനവും വീക്ഷണവും ലോകസമാധാനത്തിനുളള മാർഗ്ഗ രേഖയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദുബായിൽ നടന്ന സെന്‍റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിങ് ആൻഡ് കൾച്ചറൽ ഹാർമണിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ഗുരുവിന് ലോകത്തുളള എല്ലാ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ആത്മസഹോദരരായിരുന്നു. മതപരിവർത്തനത്തെയും മതതീവ്രവാദത്തെയും ഗുരുനിരാകരിച്ചു. മതത്തിനുപരിയായി മനുഷ്യനെ കാണണം. ലോകത്തിലെ എല്ലാ മതാചാര്യന്മാരും ഈ മനോഭാവം സ്വീകരിച്ചാൽ മതഭേദചിന്തകളും പ്രശ്നങ്ങളും അവസാനിക്കും.
ശിവഗിരിയിൽ സന്ധ്യാപ്രാർഥനയ്ക്ക് ഉപനിഷത്ത്, ഭഗവതിഗീത, ഗുരുദേവകൃതികൾ എന്നീ പുണ്യഗ്രന്ഥങ്ങൾക്കൊപ്പം ബൈബിളും ഖുർആനും പാരായണം ചെയ്യും. എല്ലാ മതവിശ്വാസികളും ഈ പാത സ്വീകരിച്ചാൽ ലോകസമാധാനം സാധ്യമാകുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.