ഷാർജ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 'ഹാർട്ട് ഓഫ് ഷാർജ'യിലെ സാംസ്കാരിക പദ്ധതികൾ വിലയിരുത്തി. 'അൽ ഗർബി ഹൗസ്' എന്നറിയപ്പെടുന്ന ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി ബൈത്തും അദ്ദേഹം സന്ദർശിച്ചു. വായനശാലയിലും അദ്ദേഹം സന്ദർശനം നടത്തി.
സാംസ്കാരിക, ചരിത്ര, പൈതൃക പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഷാർജ ഭരണാധികാരി വ്യക്തമാക്കി. ഖാസിമിയ സ്കൂൾ കെട്ടിടത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പഴയ ക്ലാസ് മുറികൾ, സ്കൂൾ വിദ്യാർത്ഥികൾ മുൻപ് ഉപയോഗിച്ചിരുന്ന സൗകര്യങ്ങൾ എന്നിവ അദ്ദേഹം നിരീക്ഷിച്ചു. വിദ്യാഭ്യാസ ഘട്ടങ്ങളുടെ അവലോകനവും അദ്ദേഹം നടത്തി.
ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ ഉവൈസ്, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അബ്ദുൽ റഹ്മാൻ അൽ മുസല്ലം, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഷാർജ ഭരണാധികാരിയെ പര്യടനത്തിൽ അനുഗമിച്ചു.