പ്രവർത്തനങ്ങളിൽ ക്രമക്കേട് ; 1,300 കമ്പനികൾക്ക് 34 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ മാനവ ശേഷി മന്ത്രാലയം
ദുബായ്: പ്രവർത്തനങ്ങളിൽ വ്യാപകമായ ക്രമക്കേട് കാണിക്കുകയും യഥാർത്ഥ ജോലി നൽകാതെ തൊഴിലാളികളുടെ രേഖകൾ സൂക്ഷിച്ചു വെക്കുകയും ചെയ്ത ലൈസൻസ് ഉള്ള 1,300 കമ്പനികൾക്ക് യു എ ഇ മാനവ ശേഷി മന്ത്രാലയം 34 മില്യൺ ദിർഹം പിഴ ചുമത്തി. ലൈസൻസുണ്ടായിട്ടും ശരിയായ രീതിയിൽ പ്രവർത്തനം നടത്താത്തതായി 1,800ഓളം തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള 1,300ഓളം കമ്പനികളുണ്ടെന്ന് ഈ വർഷം തുടക്കം നടത്തിയ അന്വേഷണത്തിൽ മന്ത്രാലയം കണ്ടെത്തിയിരുന്നു.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ മാനവ വിഭവ ശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യഥാർത്ഥ ജോലിയൊന്നും നടക്കുന്നില്ലെങ്കിലും ഈ കമ്പനികളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതിന് പുറമെ
പുതിയ വർക് പെർമിറ്റിന് അപേക്ഷിക്കാനുള്ള ശേഷി കുറഞ്ഞ, പിഴകളും കർശന നിയന്ത്രണങ്ങളുമുള്ള ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് ഇവയെ തരം താഴ്ത്തുകയും ചെയ്തു.
വഞ്ചന ചെറുക്കാനും സ്വകാര്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിലവിലെ തൊഴിൽ നിയമങ്ങൾക്കും സമീപകാല പ്രമേയങ്ങൾക്കുമനുസൃതമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഥാപനങ്ങൾ അവയുടെ പ്രവർത്തനം നിർത്തിയാൽ മുഴുവൻ കമ്പനിയുടമകളും ലൈസൻസുകൾ റദ്ദാക്കാനും തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിയായി പരിഷ്കരിക്കാനും മന്ത്രാലയം നിർദേശിച്ചു.
പ്രവർത്തന രഹിതമായ ഒരു കമ്പനിയിൽ തൊഴിലാളികളെ നിർത്തുന്നത് ഗുരുതര നിയമ ലംഘനമാണെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കുന്നു. അത് കേവലമൊരു സാങ്കേതിക പിശകല്ല, മറിച്ച് മുഴുവൻ തൊഴിൽ വിപണിയുടെയും നീതിയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്ന കാര്യമാണ്.
സ്മാർട്ട് സംവിധാനങ്ങളും ഫീൽഡ് പരിശോധനകളും വഴി ഒരു കമ്പനി യഥാർത്ഥത്തിൽ സജീവമാണോയെന്ന് എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 600 59000 എന്ന കോൾ സെന്ററിലോ, അല്ലെങ്കിൽ സ്മാർട്ട് ആപ്പ്/ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ മുഖേനയോ അറിയിക്കാൻ മന്ത്രാലയം നിർദേശിച്ചു.