നോവൽ പ്രകാശനം ചെയ്യും.
ദുബായ്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എസ്.കെ. പൊറ്റക്കാട്ടിന്‍റെ 'ഒരു തെരുവിന്‍റെ കഥ'യുടെ ആത്മാവ് കുടികൊള്ളുന്ന കോഴിക്കോട്ടെ മിഠായിത്തെരുവിൽ മറ്റൊരു ദേശത്തെ മറ്റൊരു തെരുവിന്‍റെ കഥ പറയുന്ന നോവലുമായി യുഎഇ യിലെ പ്രവാസി എഴുത്തുകാരൻ സാദിഖ് കാവിൽ. സാദിഖ് കാവിലിന്‍റെ 'മംഗളൂരു' എന്ന നോവൽ എസ്.കെയുടെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.
അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആർക്കും ഒരു തെരുവിന്‍റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് പറഞ്ഞു. അച്ഛന്‍റെ നോവലിലെ ഓരോ കഥാപാത്രവും മാംസവും രക്തവുമുള്ള മനുഷ്യരായിരുന്നുവെന്ന് അവർ സ്മരിച്ചു. മംഗളൂരുവിലെ തെരുവുകളെ സാദിഖ് കാവിൽ എങ്ങനെ ആവാഹിച്ചുവെന്ന് ഈ നോവൽ പറഞ്ഞുതരുമെന്നും സുമിത്ര ജയപ്രകാശ് പറഞ്ഞു.
മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു തെരുവിന്‍റെ കഥയുണ്ടായ മണ്ണിൽ വച്ചുതന്നെ മറ്റൊരു തെരുവിന്‍റെ കഥ പ്രകാശനം ചെയ്യുന്നത് രണ്ട് കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷമായി മാറിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ പറഞ്ഞു.
മിഠായിത്തെരുവിന്‍റെ വൈകുന്നേരത്തിന് സാഹിത്യത്തിന്‍റെ ഹൃദ്യമായ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കവി മുരളി മംഗലത്ത് പറഞ്ഞു.
മാധ്യമപ്രവർത്തകൻ എം.ഫിറോസ് ഖാൻ മുഖ്യാതിഥിയായിരുന്നു. മഹേഷ് പൗലോസ്, മുസ്തഫ ഒലിവ്, ബോബൻ ശ്രീധരൻ, പ്രശോഭ് രവി, സ്മിത വിനോദ്, ഇസ മറിയം കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.