ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ബുർജീൽ മെഡിക്കൽ സെന്‍റർ

 
Pravasi

ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ബുർജീൽ മെഡിക്കൽ സെന്‍റർ

രാജ്യത്തുടനീളം പുതിയ പദ്ധതികൾ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്‍റെ തെളിവാണ്.

UAE Correspondent

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്‍റർ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്‍റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ, ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റിയിലെ സെയിൽസ് & ബിസിനസ് അക്കൗണ്ട്‌സ് മാനേജ്‌മെന്‍റ് സീനിയർ ഡയറക്ടർ ഒമർ അൽ ഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്‍റ് ഡോ. സയീദ് അൽ ഷെയ്ഖ് എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ബിസിനസ് സംരംഭകർക്കും ജനങ്ങൾക്കും എന്നും വലിയ ആത്മവിശ്വാസം നൽകുന്ന രാജ്യമാണ് യു എ ഇ യെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും ഉദ്ഘാടകൻ എം.എ. യൂസഫലി പറഞ്ഞു.

രാജ്യത്തുടനീളം പുതിയ പദ്ധതികൾ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്‍റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങൾ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയോടുള്ള പ്രതിബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കൽ സെന്‍ററുകൾ വഴി അനായാസമായ ഒപി സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്‍റെ (ഏകദേശം 2.25 കോടി രൂപ) കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു.

ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും. ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും വെൽനസ് പ്രോഗ്രാമുകൾക്കുമായി ഈ തുക പുതിയ സെന്‍ററിൽ ഉപയോഗപ്പെടുത്താം. താല്പര്യമുള്ളവർക്ക് സെന്‍ററിന്‍റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യ ഘട്ടത്തിൽ ഇന്‍റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. രണ്ടാം ഘട്ടത്തിൽ ഇഎൻടി, ഡെന്‍റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ