ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: എമിറേറ്റിൽ നടത്തുന്ന പൊതുപരിപാടികളിൽ ജനങ്ങളുടെ സുരക്ഷയും പൊതു സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പ്രഖ്യാപിച്ചു.
അപകടങ്ങൾ, പരുക്കുകൾ, മരണം, നാശനഷ്ടം തുടങ്ങിയവ ഒഴിവാക്കുകയാണ് പുതിയ നിമയത്തിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് മുനിസിപ്പാലിറ്റി, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി എന്നിവയ്ക്കാണ് നിയമം നടപ്പാക്കുന്നതിന്‍റെ ഉത്തരവാദിത്തം. നിയമം ജൂൺ 1ന് പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ 500 മുതൽ 1 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനുള്ളിൽ നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമായി ഉയരും.
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ വേദിയുടെ കാര്യത്തിലും സംഘാടനത്തിലും ഈ നിയമ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. പരിപാടിക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിലവാരമുള്ളതായിരിക്കണം. യോഗ വേദിയിൽ ആവശ്യത്തിനു വെളിച്ചവും വായു സഞ്ചാരവും ഉറപ്പാക്കണം. ആളുകൾക്ക് പ്രവേശിക്കാനും ഇറങ്ങാനും സുരക്ഷിതമായ വഴികൾ ഉണ്ടാകണം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമിതപ്പെടുത്തണം.
സ്ഥലത്ത് ഉൾക്കൊള്ളാനാവാത്ത വിധം ജനക്കൂട്ടം ഉണ്ടാകരുത്. ഉപയോഗിക്കുന്ന ശബ്ദം അമിതമാകരുത്. കേൾവി പ്രശ്നമുണ്ടാകുന്ന വിധം ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. വേദിക്ക് സമീപം തീയണയ്ക്കാനുള്ള ഉപകരണങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള സൗകര്യവും വേണം.
പ്രഥമ ശുശ്രൂഷ സൗകര്യം, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം, അപകട സന്ദേശം മുഴക്കാനുള്ള അലാം സംവിധാനം, പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി രൂപരേഖ എന്നിവ ഉണ്ടാകണം. പാർപ്പിട സമുച്ചയങ്ങളിലെ സുരക്ഷയ്ക്കും പുതിയ നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. വൈദ്യുതി ഉപകരണങ്ങൾ സുരക്ഷിതമായിരിക്കണം. സ്വിമ്മിങ് പൂൾ, ബീച്ചുകൾ എന്നിവിടങ്ങളിലെ സുരക്ഷാ പരിശോധന നിർബന്ധമാണ്.
ബീച്ചുകളിൽ നിശ്ചിത സമയം കഴിഞ്ഞ് നീന്താനോ വെള്ളത്തിലിറങ്ങാനോ പാടില്ല. അനുമതിയില്ലാതെ പടക്കങ്ങൾ, വിഷ വസ്തുക്കൾ, തീപിടിക്കുന്ന സാധനങ്ങൾ എന്നിവ ജനങ്ങൾ കൈകാര്യം ചെയ്യുന്നതും നിയമം നിരോധിക്കുന്നു. ഇത്തരം വസ്തുക്കൾ മാലിന്യ സംഭരണിയിൽ ഇടുന്നതും മാലിന്യം ശേഖരിക്കുന്ന വണ്ടികളിൽ വയ്ക്കുന്നതും ശിക്ഷാർഹമാണ്.