നോർക്ക കെയർ ഇൻഷുറൻസ്: ഒരു മാസത്തെ ഗൾഫ് ക്യാംപയിനുമായി നോർക്ക സംഘം
അബുദാബി: പ്രവാസി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്സ് നാപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയറിന്‍റെ' ആഗോള രജിസ്ട്രേഷൻ ഡ്രൈവ് ഈ മാസം 22 മുതൽ ഗൾഫ് രാജ്യങ്ങളിൽ നടത്തുമെന്ന് നോർക്ക റൂട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. പദ്ധതിയുടെ ഗുണഫലങ്ങൾ പ്രവാസി കേരളീയരിലേക്ക് എത്തിക്കുന്നതിനും പരമാവധി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുമായി തെരെഞ്ഞെടുത്ത മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും ലോക കേരളസഭ അംഗങ്ങളെയും ഉൾപ്പടുത്തി സംഘടിപ്പിക്കുന്ന യോഗം 22 മുതൽ 24 വരെയുള്ള തീയതികളിൽ യുഎഇ യിൽ നടത്തും.
അബുദാബി, അൽ ഐൻ മേഖല യോഗം 22 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് അബുദബി ബീച്ച് റൊൻടാന ഹോട്ടലിലും , ദുബായ് മേഖല യോഗം 24 ന് ഞായറാഴ്ച രാവിലെ 10.00 ന് ദുബായ് ഊദ് മേത്ത ഗ്ലെൻഡേൽ സ്കൂളിലും ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നീ മേഖലകളുടെ യോഗം അതേ ദിവസം വെകീട്ട് 6.00 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലും നടക്കും. നോർക്ക റൂട്സിന്‍റെ പ്രത്യേക ക്ഷണമുള്ള സംഘടന ഭാരവാഹികൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനം അനുവദിക്കുക.