കൊച്ചി: നാട്ടിൽ ഭൂമി വിൽക്കുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്നതായി പരാതി. കേന്ദ്ര സർക്കാർ ടാക്സ് ഇൻഡക്സേഷൻ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെയാണിത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തീരുമാനമാണ് ഈ വ്യത്യാസത്തിനു കാരണമായിരിക്കുന്നത്.
ഇതിനെതിരേ പ്രവാസികൾ സ്വീകരിക്കുന്ന നിയമ നടപടികൾക്ക് പിന്തുണ നൽകിവരുകയാണ് ചാർട്ടേഡ് അക്കൗണ്ടന്‍റായ ശ്രീജിത് കുനിയിൽ എന്ന ഗൾഫ് മലയാളി. നികുതിയുടെ കാര്യത്തിൽ, പ്രവാസികളെ ഇന്ത്യയിൽ താമസിക്കുന്നവർക്കു തുല്യരായി കണക്കാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
സിറ്റിസൻ എന്ന വാക്കിനു പകരം റെസിഡന്‍റ് എന്ന വാക്ക് സർക്കാർ ഉപയോഗിച്ചതാണ് ഈ വേർതിരിവിനു കാരണമായിരിക്കുന്നതെന്ന് ശ്രീജിത് ചൂണ്ടിക്കാട്ടുന്നു. വസ്തു വിൽപ്പനയ്ക്കു മേലുള്ള ദീർഘകാല ക്യാപ്പിറ്റൽ ഗെയിൻസ് ഇൻഡക്സേഷൻ ബെനിഫിറ്റ് പിൻവലിച്ച തീരുമാനത്തിൽ പ്രവാസികളെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
വസ്തു വിൽപ്പനയിലൂടെ നേടുന്ന ലാഭത്തിനു നൽകുന്ന നികുതിയാണ് ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സ്. വസ്തുവിന്‍റെ വില നാണ്യപ്പെരുപ്പത്തിനൊത്ത് അഡ്ജസ്റ്റ് ചെയ്യാൻ സർക്കാർ മുൻപ് അനുമതി നൽകിയിരുന്നു. ഇൻഡക്സേഷൻ എന്നറിയപ്പെടുന്ന ഈ രീതിയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പിൻവലിച്ചത്.
വസ്തുവിന്‍റെ വിലയ്ക്കു മേൽ നാണ്യപ്പെരുപ്പത്തിന്‍റെ സ്വാധീനം കണക്കാക്കാത്ത, ഇൻഡക്സേഷൻ ഇല്ലാത്ത നികുതി 12.5 ശതമാനമാണ്. നികുതിദാതാക്കൾ പക്ഷേ, ഇൻഡക്സേഷൻ ഉള്ള ഉയർന്ന നികുതിയാണ് (20%) അടച്ചുവന്നിരുന്നത്. നികുതി കൂടുതലാണെങ്കിലും, കൈയിൽനിന്നു ചെലവാകുന്ന ആകെ തുക താരതമ്യം ചെയ്യുമ്പോൾ ഇതായിരിക്കും കുറവ്.
ആദായ നികുതി നിയമത്തിന്‍റെ 112(A) അനുച്ഛേദം അനുസരിച്ച്, നികുതി നിരക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിൽ സ്ഥിര താമസക്കാരായ വ്യക്തികൾക്കും അവിഭജിത ഹിന്ദു കുടുംബങ്ങൾക്കും മാത്രമാണ്. സ്ഥിരതാമസക്കാർക്കു മാത്രം എന്ന വ്യവസ്ഥയാണ് പ്രവാസികളെ ഇതിനു പുറത്തുനിർത്തുന്നത്. സ്ഥിരതാമസക്കാർ എന്നതിനു പകരം പൗരൻമാർ എന്നു വന്നാൽ മാത്രമേ പ്രവാസികൾ ഇതിന്‍റെ പരിധിയിൽ വരൂ.
അതേസമയം, വിദേശ നാണ്യ വിനിമയ ചട്ടം (FEMA) പ്രകാരം വസ്തു വാങ്ങുന്ന പ്രവാസികളെ ഇന്ത്യയിലെ സ്ഥിര താമസക്കാർക്കു തുല്യമായി തന്നെയാണ് പരിഗണിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2024 ജൂലൈ 23നു ശേഷം വസ്തു വിൽക്കുന്ന പ്രവാസികളാണ് വിവേചനം നേരിടുന്നതെന്നും ശ്രീജിത് കുനിയിൽ.