മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്വീകരണം
ഷാർജ: യുഎഇയിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ വരവേറ്റു. വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തുമ്പോഴും പ്രവാസികളുടെ കൂട്ടായ്മയ്ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി ഒന്നിച്ച് നിൽക്കണമെന്ന് .സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഷാർജ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നിശ്ചയ ദാർഢ്യക്കാരായ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വീകരണ യോഗത്തിൽ പ്രസിഡന്‍റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു. ട്രഷറർ ഷാജി ജോൺ, ജോയിൻറ് സെക്രട്ടറി ജിബി ബേബി എന്നിവർ പ്രസംഗിച്ചു.