സ്വകാര്യ കമ്പനികൾ സ്വദേശിവത്ക്കരണം നടപ്പാക്കണം; യുഎഇ മന്ത്രാലയം
അബുദാബി: സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് പ്രകാരം യുഎഇയിലെ സ്വകാര്യ കമ്പനികൾ ഡിസംബർ 31ഓടെ 2% സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് 2% സ്വദേശികളെ നിയമിക്കേണ്ടത്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ജനുവരി ഒന്നു മുതൽ ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും.
പിഴ സംഖ്യ 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. ഈ വിഭാഗം കമ്പനികളെ തരംതാഴ്ത്തുകയും ചെയ്യും. 20 മുതൽ 49 വരെ ജീവനക്കാർ ഉള്ള കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും ഡിസംബർ 31ന് അവസാനിക്കും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കിയത്.
സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തി സർക്കാർ സേവന ഫീസിൽ 80 ശതമാനം ഇളവ് നൽകും. കൂടാതെ മറ്റു സർക്കാർ സേവനങ്ങളിൽ മുൻഗണനയും നൽകും. നിയമലംഘകരെ കണ്ടെത്താൻ ജനുവരി മുതൽ പരിശോധന ഊർജിതമാക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
സ്വദേശിവത്ക്കരണത്തിൽ കൃത്രിമം നടത്തുന്നവർക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമായി പിഴ വർധിക്കും. സ്വദേശിവത്ക്കരണം മറികടക്കാൻ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും സമാന ശിക്ഷയുണ്ടാകും.