ഓർമ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനം.

 
Pravasi

മുഖ്യമന്ത്രി വീണ്ടും ദുബായിലേക്ക്; ഓര്‍മ കേരളോത്സവം ഉദ്‌ഘാടനം ചെയ്യും

യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഓര്‍മയുടെ നേതൃത്വത്തില്‍ ഡിസംബർ ഒന്ന്, രണ്ട് തീയതികളില്‍ കേരളോത്സവം

UAE Correspondent

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഓര്‍മയുടെ നേതൃത്വത്തില്‍ ഡിസംബർ ഒന്ന്, രണ്ട് തീയതികളില്‍ കേരളോത്സവം നടത്തും. ദുബായ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടിലാണ് കേരളോത്സവം നടത്തുന്നതെന്ന് സംഘാടകര്‍ ദുബായിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിന് 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, വ്യവസായ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍ പങ്കെടുക്കും.

കേരളോത്സവത്തിന്‍റെ ഭാഗമായി ഓര്‍മ വാദ്യസംഘം അവതരിപ്പിക്കുന്ന മേളം, 500 വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, യുവ ഗായകര്‍ അണിനിരക്കുന്ന മസാല കോഫി ബാന്‍ഡിന്‍റെ സംഗീത പരിപാടി എന്നിവ ആദ്യദിവസം അരങ്ങേറും. രണ്ടാംദിനം വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ, രാജേഷ് ചേര്‍ത്തലയുടെ വാദ്യ മേള ഫ്യൂഷന്‍ എന്നിവയും നടത്തും.

നൂറ് വർണക്കുടകള്‍ ഉള്‍പ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഉണ്ടാകും. ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ പൂക്കാവടികള്‍, തെയ്യം, കാവടിയാട്ടം, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍, തെരുവുനാടകങ്ങള്‍, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, കോല്‍ക്കളി, പൂരക്കളി സംഗീത ശിൽപ്പം, സൈക്കിള്‍ യജ്ഞം തുടങ്ങിയ നിരവധി നാടന്‍ കലാരൂപങ്ങൾ അണിനിരക്കും.

കേരളത്തിന്‍റെ തനത് നാടന്‍ രുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകളും ഉണ്ടായിരിക്കും. സാഹിത്യ സദസ്സിനോട് അനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേര്‍ന്ന് നടത്തുന്ന സംവാദങ്ങള്‍, പുസ്തകശാല, കവിയരങ്ങ്, പ്രശ്‌നോത്തരികള്‍ എന്നിവയും ഉണ്ടാകും.

മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗവാസങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവുമുണ്ടാകും. പുതുതായി മലയാളം മിഷനില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യവുമൊരുക്കും. പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനുമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കെഎസ്എഫ്ഇ സ്റ്റാളും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി ക്ഷേമനിധി ഡയറക്റ്റര്‍ ബോര്‍ഡ് അംഗം എന്‍.കെ കുഞ്ഞഹമ്മദ്, ഓര്‍മ ജനറല്‍ സെക്രട്ടറി ഷിജു ബഷീര്‍, പ്രസിഡന്‍റ് ഡോ.നൗഫല്‍ പട്ടാമ്പി, കേരളോത്സവം ജനറല്‍ കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട്, ഓര്‍മ വൈസ് പ്രസിഡന്‍റ് ജിജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം