ദുബായിലും അബുദാബിയിലും മഴ: ചിലയിടങ്ങളിൽ ജാഗ്രതാ നിർദേശം
ദുബായ്: കടുത്ത വേനലിനിടയിലും യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച മഴ പെയ്തു. മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. അൽ ഐനിലെ മസ്യാദ്, മലാക്കിത്, അൽ ഹിയാർ, സഅ, ഖതം അൽ ശിഖ്‌ല, ഉം ഗാഫ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ് - അൽ ഐൻ റോഡിന്‍റെയും, അൽ ഐനിലെ ഉം ഗാഫ റോഡിന്‍റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ എൻസിഎമ്മിന്‍റെ സ്റ്റോം സെന്‍റർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ആരംഭിച്ച മഴ വൈകുന്നേരം 7.30 വരെ തുടർന്നതായി എൻസിഎം പറഞ്ഞു. ചില കിഴക്കൻ - തെക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റുമടിച്ചു. ഇതേതുടർന്ന് രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചു. പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, റോഡ് സൈനുകളിലും ഇലക്ട്രോണിക് ബോർഡുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന വ്യത്യസ്ത വേഗ പരിധികൾ പാലിക്കണമെന്നും അബുദാബി പൊലിസ് അഭ്യർഥിച്ചു. ഈ മാസത്തിൽ പല തവണ രാജ്യത്ത് മഴ പെയ്തു. 16ന് ഷാർജ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ കനത്തതോ മിതമായതോ ആയ മഴയും, ആലിപ്പഴ വർഷവുമുണ്ടായി.