റാസൽ ഖൈമ: എമിറേറ്റിലെ പുതിയ ബൈക്ക് റൈഡർമാർക്ക് ഹെൽമറ്റ് നൽകുന്ന "സേഫ്റ്റി സ്റ്റാർട്സ് വിത് എ സ്റ്റെപ്' ക്യാംപയിന് തുടക്കമായി. ലൈസൻസ് ടെസ്റ്റ് വിജയിച്ച പുതിയ മോട്ടോർ സൈക്കിൾ റൈഡർമാർക്കാണ് ഹെൽമെറ്റ് വിതരണം ചെയ്യുന്നത്.
റാക് പൊലീസിന്‍റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗവും മാധ്യമ വിഭാഗവും ചേർന്നുള്ള ഗതാഗത ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഈ സംരംഭം തുടങ്ങിയത്.
മോട്ടോർ സൈക്കിൾ റൈഡർമാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്ന് റാക് പൊലീസിലെ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നത് അപകടത്തിന്‍റെ തീവ്രത വർധിപ്പിക്കുമെന്നും ജീവന്‍റെ വില അമൂല്യമാണെന്നത് എല്ലാവരും ഓർക്കണമെന്നും ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി ആവശ്യപ്പെട്ടു.