യുഎഇ പൊതുമാപ്പിൽ ഇളവ്: ഔട്ട്‌പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന വ്യവസ്ഥ ഒഴിവാക്കി 
Pravasi

യുഎഇ പൊതുമാപ്പിൽ ഇളവ്: ഔട്ട്‌പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന വ്യവസ്ഥ ഒഴിവാക്കി

സെപ്റ്റംബർ 1 മുതലാണ് യുഎഇയിൽ രണ്ടു മാസത്തേക്കുള്ള പൊതുമാപ്പ് ആരംഭിച്ചത്

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്.

പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്‍റ് മേധാവി ലഫ്റ്റനന്‍റ് കേണൽ സാലിം ബിൻ അലി അറിയിച്ചു.

ഔട്ട്പാസ് ലഭിച്ചവർക്ക്, ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. ഔട്ട്‌പാസിന്‍റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറുന്ന സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ രാജ്യം വിടുന്നത് വൈകിയാൽ വിമാന ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദേഹം പറഞ്ഞു.

സെപ്റ്റംബർ 1 മുതലാണ് യുഎഇയിൽ രണ്ടു മാസത്തേക്കുള്ള പൊതുമാപ്പ് ആരംഭിച്ചത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്.

വിസ നിയമം ലംഘിച്ചവർക്ക് പിഴ ഒന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.

ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് ബാൻ ഒന്നും കൂടാതെ യു‌എ‌ഇയിലേക്ക് തന്നെ മടങ്ങിവരാനും കഴിയുമെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.

അമർ സെന്‍ററുകൾ വഴി ക്രമീകരിച്ചത് 19,772 നിയമലംഘകരുടെ താമസ പദവി

‘സുരക്ഷിത സമൂഹത്തിനായി’ എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന പൊതുമാപ്പ് പദ്ധതിയിൽ അമർ കേന്ദ്രങ്ങൾ ഇതുവരെ 19,772 നിയമലംഘകരുടെ താമസ പദവി വിജയകരമായി ക്രമീകരിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.

ദുബായിലെ 86 ആമർ സെന്‍ററുകൾ നിലവിൽ റെസിഡൻസി പുതുക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്, നഷ്ടപ്പെട്ട ഡോക്യുമെന്‍റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നുണ്ട്.

അമർ കേന്ദ്രങ്ങൾ വഴി 7,401 പേർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറായ 8005111 എന്നതിലേക്ക് വിളിക്കണമെന്ന് ജിഡിആർ എഫ്എ നിർദേശിച്ചു.

ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്