ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിൽ നിന്ന് സച്ചിദാനന്ദനും ഇ. സന്തോഷ് കുമാറും

 
Pravasi

ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിൽ നിന്ന് സച്ചിദാനന്ദനും ഇ. സന്തോഷ് കുമാറും

66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാർജയിൽ എത്തുക.

Megha Ramesh Chandran

ഷാർജ: നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ മൂന്നു പുസ്തകമേളകളിൽ ഒന്നായ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. ജമൈക്ക, ലൈജീരിയ, മാലി, സെനഗൽ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും ഇത്തവണ സാന്നിധ്യം അറിയിക്കും.

66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാർജയിൽ എത്തുക. ഇന്ത്യൻ കോൺടെന്‍റ് ക്രിയേറ്റർ പ്രാജക്ത കോലി ഇത്തവണ അതിഥിയായി പങ്കെടുക്കും. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അധികൃതർ പറഞ്ഞു. നൈജീരിയൻ എഴുത്തുകാരി ചിമാമണ്ട എൻഗോസി അഡീച്ചി മേളയുടെ പ്രധാന ആകർഷണമായിരിക്കും.

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് മേള നടക്കുക. 'നീയും പുസ്തകവും തമ്മിൽ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 750 ശിൽപശാലകളും 300-ലേറെ സാംസ്കാരിക പരിപാടികളും ഉൾപ്പെടെ 1,200-ൽ അധികം പരിപാടികൾ അരങ്ങേറും.

ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാർലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞൻ ഡോ. ജൂലി സ്മിത്ത് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യൻ എഴുത്തുകാരൻ മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അൽ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് റക്കാദ് അൽ അംറി അറിയിച്ചു.

ഗ്രീസാണ് അതിഥി രാജ്യം. ഗ്രീക്ക് പ്രസിദ്ധീകരണങ്ങൾ, ചരിത്രപരമായ രേഖകൾ, പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഗ്രീസിന്‍റെ പവിലിയനിൽ പ്രദർശിപ്പിക്കും. പോയട്രി ഫാർമസി, പോപ്-അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ തുടങ്ങിയ പുതിയ സവിശേഷതകൾ ഇത്തവണ ഉണ്ടാകും.

എട്ട് ഭാഷകളിലുള്ള ബഹുഭാഷാ കവിതാ സന്ധ്യകളും അരങ്ങേറും. ന്യൂയോർക്ക് ത്രില്ലർ ഫെസ്റ്റിവലുമായി സഹകരിച്ചുള്ള നാലാമത് ത്രില്ലർ ഫെസ്റ്റിവൽ നവംബർ 8 മുതൽ 11 വരെ നടക്കും. മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെയും 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെയും നടക്കും.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്