യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

 
Pravasi

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

ദുബായ് ഇന്ത്യൻ കോൺസുൽ ജനറലായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Sarath Nath MS

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ അടിയന്തര നടപടികളുമായി ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി. പുതിയ 'ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്‍ററുകളിലേക്ക്' സേവനങ്ങൾ മാറ്റുന്നതിന്‍റെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറലായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തത്കാൽ വിഭാഗത്തിൽ നിലവിലുള്ള അപേക്ഷകൾ പൂർണമായും തീർപ്പാക്കാൻ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.

പാസ്‌പോർട്ട് സേവനങ്ങൾക്കായി അനധികൃത ഏജൻസികളെ ആശ്രയിക്കരുതെന്നും 'കോൺസുലാർ സേവ ഇൻ യുഎഇ' എന്ന ഔദ്യോഗിക പോർട്ടൽ മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സേവനങ്ങൾക്കായി പത്തൊൻപത് ദിർഹം മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇതിൽ കൂടുതൽ തുക നൽകേണ്ടതില്ല. നിലവിൽ അൽ ഹിന്ദ് ട്രാവൽസ് ഗ്രൂപ്പിന്‍റെ കേന്ദ്രങ്ങളിലാണ് താൽകാലികമായി സേവനങ്ങൾ നൽകി വരുന്നത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒൻപത് മുതൽ പതിനേഴ് വരെ നടക്കുന്ന 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രവാസികൾക്ക് പങ്കാളികളാകാം. ദേശീയ ഗീതമായ വന്ദേ മാതരത്തിന്‍റെ 150ാം വാർഷികത്തിന്‍റെ ഭാഗമായി കൂട്ടആലാപനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശപൗരന്മാർ എന്നിവർക്കായി 'ഭാരത് കൊ ജാനിയെ' ഓൺലൈൻ ക്വിസ് മത്സരവും നടക്കും. ഇതിൽ യുഎഇയിൽ നിന്നുള്ള അഞ്ച് വിജയികളെ സ്വാതന്ത്ര്യദിനത്തിൽ കോൺസുലേറ്റിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുകയും ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് പ്രത്യേക സമ്മാനം നൽകുകയും ചെയ്യുമെന്ന് വിഷ്ണുവർധൻ റെഡ്ഡി അറിയിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു