അബുദാബിയിൽ ഇരുപത് ആളില്ലാ ആകാശ വാഹനങ്ങൾ നിർമിക്കുന്നു: ലക്ഷ്യം ബഹിരാകാശ സാങ്കേതിക വിദ്യവികസിപ്പിക്കൽ
അബുദാബി: യുഎഇയുടെ ബഹിരാകാശ സാങ്കേതിക വിദ്യാ വികസനം ലക്ഷ്യമിട്ട് അബുദാബിയിൽ ഇരുപത് ആളില്ലാ ആകാശ വാഹനങ്ങൾ നിർമിക്കുന്നു. മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക ,മേഖലയിലെ ആദ്യ സംരംഭമാണിത്.
സ്പേസ് 42 വിന്‍റെ അനുബന്ധ സ്ഥാപനമായ മിറ എയ്‌റോസ്‌പേസ് സ്ഥാപിച്ച മേഖലയിലെ ആദ്യത്തെ ഉയരത്തിലുള്ള ആകാശ പ്ലാറ്റ്‌ഫോമിന് 4,500 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്.
സിവിൽ, പരിസ്ഥിതി, പ്രതിരോധ മേഖലകളിലെ വിവിധ ആപ്ലിക്കേഷനുകളെ ഈ പ്ലാറ്റ് ഫോം പിന്തുണയ്ക്കും."ഹൈ-ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യകൾക്കായുള്ള ആഗോള ആവശ്യം വർദ്ധിച്ചുവരികയാണ്. തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ ഈ മേഖലയിൽ തങ്ങളുടെ നേതൃത്വം ഏകീകരിക്കാൻ സ്പേസ് 42 ശ്രമിക്കുകയാണ്" മിറ എയ്‌റോസ്‌പേസിന്റെ സിഇഒ ഖാലിദ് അൽ മർസൗഖി പറഞ്ഞു.
2030 ലെ ദേശീയ ബഹിരാകാശ നയത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ബഹിരാകാശ സാങ്കേതികവിദ്യ, നിർമ്മാണം, ഗവേഷണം, എന്നിവ വികസിപ്പിക്കാനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ സൗകര്യം സ്ഥാപിക്കുന്നത്.
വായുവിനേക്കാൾ ഭാരമേറിയ പ്ലാറ്റ്‌ഫോമുകൾ വഴി സ്ട്രാറ്റോസ്ഫിയറിൽ നിന്ന് 5G കണക്റ്റിവിറ്റി പ്രദർശിപ്പിച്ച ആദ്യത്തെ കമ്പനിയാണ് സ്പേസ് 42.
2025 ഫെബ്രുവരിയിൽ, സമുദ്ര നിരപ്പിൽ നിന്ന് ഉയരത്തിലുള്ളതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ ഡ്രോൺ പറക്കൽ പരീക്ഷണങ്ങൾക്കായി സ്ഥിരമായ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി കമ്പനി മെയ്ഡാൻ എക്‌സുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. 2024 ഒക്ടോബറിൽ, പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, നഗര ആസൂത്രണം, കൃഷി എന്നിവയിലെ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനായി കമ്പനി രണ്ട് നവീന പേലോഡുകൾ വികസിപ്പിച്ചെടുത്തിരുന്നു.