യുഎഇ സ്വദേശിവത്കരണം: ഫെഡറൽ ജോലികളിൽ 100% പ്രായോഗികമല്ല.

 
Pravasi

സ്വദേശിവത്കരണവുമായി മുന്നോട്ട്: യുഎഇ മന്ത്രി

നൂറ് ശതമാനം ജോലികളിലും സ്വദേശികളെ നിയമിക്കുക അപ്രായോഗികമെന്നും ഉന്നതവിദ്യാഭ്യാസ-സ്വദേശിവത്കരണ വകുപ്പ് മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ

UAE Correspondent

അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ ജോലികളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കുക എന്നത് പ്രായോഗികമല്ലെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ-സ്വദേശിവത്കരണ വകുപ്പ് മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ. ഫെഡറൽ തസ്തികകളിൽ പൂർണമായി സ്വദേശികളെ നിയമിക്കാത്തതിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും ആഗോള വിപണിയിലെ മത്സരശേഷി നിലനിർത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുടെ സാന്നിധ്യം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ശാസ്ത്രം, നൂതന സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബഹിരാകാശ ഗവേഷണം തുടങ്ങിയ പ്രത്യേക മേഖലകളിൽ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുടെ അറിവും പരിചയസമ്പത്തും യുഎഇക്ക് ആവശ്യമാണ്. ഇത് രാജ്യത്തിന്‍റെ വികസന വേഗത വർധിപ്പിക്കാൻ സഹായിക്കും.

വിദേശികളായ വിദഗ്ധർക്കൊപ്പം ജോലി ചെയ്യുന്നത് വഴി യുഎഇയിലെ യുവതലമുറയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും അറിവും നേരിട്ട് ലഭിക്കാൻ അവസരമൊരുങ്ങും. ഇത് ഭാവിയിൽ കൂടുതൽ യോഗ്യരായ സ്വദേശി വിദഗ്ധരെ വാർത്തെടുക്കാൻ സഹായിക്കും.

യുഎഇ ഒരു അന്താരാഷ്ട്ര ബിസിനസ്-സാമ്പത്തിക കേന്ദ്രമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരെയും കമ്പനികളെയും ആകർഷിക്കാൻ വൈവിധ്യമാർന്ന തൊഴിലാളി സമൂഹം ഉള്ള അന്തരീക്ഷം നിലനിർത്തേണ്ടതുണ്ട്.

ഫെഡറൽ ജോലികളിൽ 100% സ്വദേശിവത്കരണം സാധ്യമല്ലെങ്കിലും, തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്ന സർക്കാരിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ആവർത്തിച്ചു. യോഗ്യരായ സ്വദേശികൾക്ക് അനുയോജ്യമായ തസ്തികകൾ ഉറപ്പാക്കുമെന്നും, സ്വകാര്യ-പൊതു മേഖലകളിൽ സ്വദേശിവത്കരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി