അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎഇയുടെ അഭിവൃദ്ധിക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു.
ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ വളർച്ചയും പുരോഗതിയും ഉണ്ടാകട്ടെയെന്ന ആശംസ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതായി ഷെയ്ഖ് മുഹമ്മദും പറഞ്ഞു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെയും സാമ്പത്തിക സഹകരണത്തിന്റെയും വിവിധ വശങ്ങളും ഈ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.