യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡണ്ടിന്‍റെ ഇന്ത്യാ സന്ദർശനം.10 വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദിന്‍റെ അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യുഎഇ പ്രസിഡന്‍റായശേഷം മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
വ്യാപാരം, നിക്ഷേപം, വികസനം തുടങ്ങിയ മേഖലകളിൽ നിലവിലെ സഹകരണം മെച്ചപ്പെടുത്തുക, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ), പ്രാദേശിക കറൻസി സെറ്റിൽമെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ ചർച്ച ചെയ്യും.
ഹരിത ഹൈഡ്രജൻ, സൗരോർജം തുടങ്ങി പുനരുപയോഗ ഊർജ മേഖലകളിൽ വലിയ നിക്ഷേപം, സാങ്കേതിക സഹകരണ കരാർ, ഇന്ത്യ-യുഎഇ പെയ്‌മെന്റ് സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം, ഇന്ത്യയിൽ സ്ഥാപിക്കുന്ന ഫുഡ് പാർക്കുകളിൽ യുഎഇ നിക്ഷേപം വർധിപ്പിക്കുക, ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ യുഎഇയുടെ എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വഴി കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള കരാറുകൾ, എഐ , ഡേറ്റ സെന്‍ററുകൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക കൈമാറ്റം, സെപ കരാർ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുക എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഒപ്പുവെക്കും.