"ഒരുറക്കം കഴിഞ്ഞ് നോക്കുമ്പോ വാഹനം വെള്ളത്തിൽ താഴുന്നു''; വാഹനം പുറത്തെടുത്ത് 4 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷം!
ദുബായ്: അബുദാബിക്കും ദുബായ്ക്കും ഇടയിലുള്ള ഉല്ലാസ കേന്ദ്രമായ ഘണ്ടൂട്ടിലെ ഒരു ജലാശയത്തിനരികെ ഒരു രാത്രി ചെലവഴിക്കാൻ പോയതാണ് ഇന്ത്യൻ കുടുംബം. വാഹനം തീരത്ത് 'പാർക്ക്' ചെയ്ത് സുഖനിദ്ര കഴിഞ്ഞ് അതിരാവിലെ ഉറക്കമുണർന്നപ്പോൾ കാണുന്നത് തങ്ങളുടെ വാഹനം പതിയെ വെള്ളത്തിൽ താഴുന്നതാണ്.
ഒരു നിമിഷ നേരത്തെ അമ്പരപ്പിനും ഞെട്ടലിനും ശേഷം, വേലിയേറ്റം മൂലമാണ് എസ്‌യുവി വെള്ളത്തിൽ മുങ്ങുന്നതെന്ന് അവർക്ക് മനസിലായി. ജലാശയത്തിന് വളരെ അടുത്തായിരുന്നു അവർ വാഹനം പാർക്ക് ചെയ്തിരുന്നത്. ഉടൻ തന്നെ സഹായത്തിനായി റെംറാമിലുള്ള, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫ്-റോഡ് രക്ഷാപ്രവർത്തകൻ അഹമ്മദ് ഹിസ്‌കോളുമായി ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടു.
അഹമ്മദും ഭാര്യ നോറയും സഹ രക്ഷാപ്രവർത്തകരായ അയ്ഹാമും അബ്ദുൾ റഹ്മാനും സ്ഥലത്തെത്തി ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങി. പ്രത്യേക ഉപകരണങ്ങൾ, വിഞ്ചുകൾ, കേബിളുകൾ, എക്സ്റ്റൻഷനുകൾ എന്നിവയുടെ സഹായത്തോടെ രാവിലെ 9 മണിയോടെയാണ് വാഹനം പുറത്തെടുക്കാനുള്ള പ്രയത്‌നം തുടങ്ങിയത്.
സംഘം എത്തുമ്പോഴേക്കും നിസ്സാൻ പട്രോൾ കരയിൽ നിന്ന് ഏകദേശം 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുകയായിരുന്നു. ജല നിരപ്പ് ഉയർന്നതോടെ വാഹനം കൂടുതൽ അകലേക്ക് ഒഴുകിത്തുടങ്ങി.
തങ്ങൾ എത്തുമ്പോൾ കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നുവെന്നും, ഏകദേശം 5 മീറ്റർ താഴ്ചയിലായിരുന്നുവെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അഹമ്മദ് പറഞ്ഞു.
“ഞങ്ങൾ നടത്തിയ ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഇത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ, സംഘം വിശ്രമമില്ലാതെ പ്രവർത്തിച്ചു. വാഹനം വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഒരു വിഞ്ച് കേബിൾ പൊട്ടി, പക്ഷേ, ഞങ്ങൾ നിർത്തിയില്ല. കാർ വെള്ളത്തിനടിയിലായതിനാൽ ആദ്യം ഞങ്ങൾക്കത് തിരിക്കേണ്ടിവന്നു, തുടർന്ന് അത് വലിച്ചെടുക്കാൻ രണ്ട് വിഞ്ചുകളും ഘടിപ്പിക്കേണ്ടിവന്നു. തീരത്ത് മണലിനു പകരം പാറക്കെട്ടുണ്ടായിരുന്നത് കൊണ്ടാണ് രക്ഷാ പ്രവർത്തനം സാധ്യമായത്. മണലായിരുന്നെങ്കിൽ, വാഹനം കൂടുതൽ ആഴത്തിൽ താഴുകയോ കൂടുതൽ നാശമുണ്ടാകുകയോ ചെയ്യുമായിരുന്നു" - അഹമ്മദ് പറഞ്ഞു.
4 മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ കാർ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു.
ഇത്തരം ആപത് ഘട്ടങ്ങളിൽ നിരവധി പേരെ സഹായിച്ചിട്ടുള്ള അഹമ്മദ് ലെബനൻ സ്വദേശിയായാണ്. ഭാര്യ നോറക്കൊപ്പമാണ് അദ്ദേഹം സാഹസിക രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.