ദുബായ് യുഡബ്ലിയു മാളിൽ യുഎഇയിലെ ഏറ്റവും വലിയ പാസ്‌പോർട്ട്, കോൺസുലാർ സേവന കേന്ദ്രം: പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം

 
Pravasi

ദുബായ് യുഡബ്ലിയു മാളിൽ യുഎഇയിലെ ഏറ്റവും വലിയ പാസ്‌പോർട്ട്, കോൺസുലാർ സേവന കേന്ദ്രം: പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം

കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ നിരക്കുകൾക്കൊപ്പം 19 ദിർഹമാണ് അൽഹിന്ദ് സർവീസ് ചാർജായി ഈടാക്കുന്നത്

UAE Correspondent

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായ് ബുർജ്മാൻ സെനറിനടുത്തെ യുഡബ്ല്യു മാളിൽ സജ്ജമാക്കിയ കേന്ദ്രമാണ് യുഎഇയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ച് സെന്ററുകളുടെ താത്കാലിക കരാറേറ്റെടുത്ത അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴിയാണ് ഇവയുടെ പ്രവർത്തനം. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ യുഡബ്ല്യുമാളിൽ പ്രവർത്തനം തുടങ്ങിയ കേന്ദ്രം സന്ദർശിച്ചു.

സെന്‍ററുകളിൽ സേവനം മികച്ച രീതിയിൽ ലഭ്യമാക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ഏറ്റവും ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളി വ്യവസായി സുലൈമാൻ ടിഎമ്മിന്‍റെ മകനും യുവ സംരംഭകനുമായ മുഹമ്മദ് സുഹൈബ് മാനേജിങ് ഡയറക്ടറായ യുഡബ്ല്യു മാളിലാണ് 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ വിശാലമായ ഈ സേവന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 75 കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

കുടുംബസമേതം എത്തുന്നവർക്ക് അനുയോജ്യമായ രീതിയിൽ വിശാലമായ പാർക്കിങ്, ഫൂഡ് കോർട്ട്, പ്രാർത്ഥനാ മുറികൾ, പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾ തുടങ്ങിയ സകല സൗകര്യങ്ങളും മാളിൽ ലഭ്യമാണെന്ന് മാൾ ജനറൽ മാനേജർ പ്രവീൺ നായർ പറഞ്ഞു. ഒരു മലയാളിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് യുഎഇയിലെ ഏറ്റവും വലിയ സർവീസ് സെന്‍ററിന് വേദിയാകാൻ കഴിഞ്ഞത് വലിയ നേട്ടമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ജൂലൈ ഒന്നു മുതൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടായിരുന്നു സേവനങ്ങൾ നൽകിയിരുന്നത്. ഇത് മൂലം തിരക്കും കാലതാമസവും നേരിട്ടിരുന്ന പ്രവാസികൾക്ക് പുതിയ കേന്ദ്രം വലിയ ആശ്വാസമായി.

പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകം തന്നെ പുതിയ വെബ്‌സൈറ്റ് വഴി 2,000-ത്തോളം സ്ലോട്ടുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവരും വീസ പുതുക്കേണ്ടവരുമായ ഒട്ടേറെ പേർക്ക് പുതിയ കേന്ദ്രത്തിന്‍റെ തുടക്കം ആശ്വാസമായി.

എല്ലാ അപേക്ഷകർക്കും ഒരേനിലവാരത്തിലുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രത്തിൽ എത്തുന്ന ഒരാൾക്ക് 30 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങളെന്നും അൽഹിന്ദ് ചെയർമാനും സ്ഥാപകനുമായ ടി. മുഹമ്മദ് ഹാരിസ് പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് ദിവസേന കൂടുതൽ സ്ലോട്ടുകൾ അനുവദിക്കും.

സ്ലോട്ട് ബുക്കിങ് സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കണം. ദിവസവും രാവിലെ 9 നും രാത്രി 9 നും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും.

തത്കാൽ അപേക്ഷകർ, നവജാതശിശുക്കളുടെഅപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർ , 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ നേരിട്ടെത്താം. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് പ്രവർത്തന സമയം. അപ്പോയിന്‍റ്മെന്‍റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രം കേന്ദ്രത്തിനകത്തേക്ക് പ്രവേശനം നൽകും.

കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ നിരക്കുകൾക്കൊപ്പം 19 ദിർഹമാണ് അൽഹിന്ദ് സർവീസ് ചാർജായി ഈടാക്കുന്നത് (ഫൊട്ടോ കോപ്പി, ഫൊട്ടോ സേവനങ്ങൾ ഉൾപ്പെടെ). സാധാരണ 36 പേജ് പാസ്‌പോർട്ട് പുതുക്കുന്നതിന് ആകെ 477 ദിർഹവും, തത്കാൽ അപേക്ഷകൾക്ക് 927 ദിർഹവുമാണ് നിരക്ക്.

യുഎഇയിലുടനീളം 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് തുറന്നിരിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിൽ രണ്ടും (ബർ ദുബായ് യുഡബ്ല്യു മാൾ, ഡിഐപി), ഷാർജയിൽ രണ്ടും (അൽ മജാസ്, റോള), വടക്കൻ എമിറേറ്റുകളിൽ ആറും കേന്ദ്രങ്ങൾ പ്രവർത്തിക്കും.

ഇന്ത്യൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നത് വരെയുള്ള താൽക്കാലിക ക്രമീകരണമായാണ് അൽഹിന്ദ് വഴി നിലവിൽ സേവനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 800248517 എന്ന ടോൾ ഫ്രീ നമ്പറിലോ support.ae@alhindglobal.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും