ദുബായ്: യുഎഇ യിൽ 26 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക് നിന്ന് ഉപരിതല ന്യൂനമർദ്ദം വ്യാപിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്കൻ, കിഴക്കൻ മേഖലകളിലും ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമോ പൊതുവെ മേഘാവൃതമോ ആയിരിക്കും.
നേരിയതോ മിതമായതോ ആയ തോതിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്‍റെ വേഗത ചില സമയങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഇത് പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ അബുദാബിയിൽ മദീനത്ത് ഖലീഫ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ്, അൽ മുഷ്രിഫ് മേഖലകളിൽ മഴ പെയ്തതായി എൻസിഎം അറിയിച്ചു.
വടക്ക് ഭാഗത്ത് അൽ ദൈദ് മുതൽ ദിഗ്ദഗ്ഗ വരെ ഭേദപ്പെട്ട അളവിൽ മഴ പെയ്തു. റാസൽ ഖൈമ ജബൽ ജെയ്‌സിൽ ശക്തമായ മഴ പെയ്തു. വടക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-കിഴക്ക് വരെയുള്ള കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാം.