പിടിച്ചെടുത്ത ബൈക്കുകൾ
ദുബായ്: ജോഗിങ് ട്രാക്കുകളിലൂടെയും കാൽനട പാതകളിലൂടെയും അമിത വേഗത്തിൽ ഓടിച്ച 101 ബൈക്കുകൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. ഉയർന്ന വേഗം കൈവരിക്കാൻ ഇ-സ്കൂട്ടറുകളിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. നാദൽ ഷിബയിലും മറ്റ് ഭാഗങ്ങളിലും ട്രാഫിക് നിയമലംഘനം കണ്ടെത്തിയ 130 പേർക്ക് പിഴ വിധിക്കുകയും ചെയ്തു.
ഇ-ബൈക്കുകളുടെ അമിത വേഗം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് ദുബായി പൊലീസ് ഓപറേഷൻ അഫേഴ്സ് അസി. കമാൻഡന്‍റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. നിയമലംഘകർക്കെതിരേ ശക്തമായ നിയമപടികൾ സ്വീകരിക്കും.
ആഘോഷ പരിപാടികൾക്കോ ചെറു യാത്രകൾക്കോ വേണ്ടി മാത്രം രൂപകൽപന ചെയ്തിരിക്കുന്ന ഇ-ബൈക്കുകളെ പരിഷ്കരിക്കുന്നതോടെ അവ മോട്ടോർ സൈക്കിളുകളുടെ ഗണത്തിലേക്ക് മാറുകയും വലിയ അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. ഇത്തരം ബൈക്കുകൾ സ്പോർട്സ് ട്രാക്കുകളിൽ ഉപയോഗിക്കരുത്.
ഈ വർഷം ആദ്യ അഞ്ചു മാസത്തിനിടെ ദുബായിൽ ഇ-സ്കൂട്ടർ അപകടത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇ-സ്കൂട്ടറുകൾ ഉൾപ്പെടുന്ന 254 നിയമലംഘനങ്ങളിൽ 10 പേർ മരിക്കുകയും 259 പേർക്ക് അപകടങ്ങളിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.