ഷാർജ പുസ്തക മേള കുക്കറി കോർണറിൽ ഇന്ത്യൻ സാന്നിധ്യം
ഷാർജ: നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ 'കുക്കറി കോർണർ' ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പാചക വിദഗ്ധരുടെ രുചി വേദിയാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 പാചക വിദഗ്ധർ നയിക്കുന്ന 35 തത്സമയ കുക്കിങ് സെഷനുകൾ ഉണ്ടാകും. ബ്രിട്ടനിൽ ശ്രദ്ധേയനായ മലയാളി ഷെഫ് ആനന്ദ് ജോർജ് നവംബർ 8, 9 തീയതികളിൽ പരമ്പരാഗത ഇന്ത്യൻ പാചകരീതികളെ ആധുനികതയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് വിഭവങ്ങൾ മേളയിൽ അവതരിപ്പിക്കും.
എൻജിനീയറിങ് രംഗം ഉപേക്ഷിച്ച് പാചകത്തിലേക്ക് തിരിഞ്ഞ ഇന്ത്യൻ ഷെഫ് പാർത്ഥ് ബജാജ് നവംബർ 15, 16 തീയതികളിൽ 'കുക്കറി കോർണറിൽ' എത്തും. നാഗ്പൂരിന്‍റെ തനത് ഗ്രാമീണ രുചികളെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന വിഭവങ്ങളാണ് പാർത്ഥ് ഒരുക്കുക.
ഇന്ത്യൻ വേരുകളുള്ള ന്യൂസിലൻഡിലെ ഷെഫ് ആശിയ ഇസ്മായിൽ-സിംഗർ നവംബർ 11 മുതൽ 13 വരെയാണ് ഷാർജയിൽ പാചക സെഷനുകൾ നയിക്കുന്നത്. മലാവി, യുകെ എന്നിവിടങ്ങളിലെ ജീവിതാനുഭവങ്ങളും, മെമൻ ഇന്ത്യൻ പൈതൃകവും ചേർന്ന രുചികളാണ് ആശിയ മേളയിൽ പരിചയപ്പെടുത്തുക.
ഗൾഫ്, പേർഷ്യൻ രുചികളോടൊപ്പം ഇന്ത്യൻ വിഭവങ്ങൾക്കും പുതിയ മാനങ്ങൾ നൽകുന്ന ഷെഫ് നൂർ മുറാദും നവംബർ 5 മുതൽ 7 വരെ മേളയിൽ ഉണ്ടാകും.