നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബിൽ

 
Sabarimala

അയ്യപ്പസംഗമം; നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബിൽ

അയ്യപ്പസംഗമത്തിന്‍റെ കണക്കിൽ തിരിമറി

Jisha P.O.

പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബർ 20ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്‍റെ പേരിൽ എട്ടു ലക്ഷത്തിന്‍റെ ബിൽ. എന്നാൽ പരിപാടിയിലേക്ക് നന്ദഗോവിന്ദം ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവർ പരിപാടി അവതരിപ്പിച്ചിട്ടുമില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവായിരുന്നു.

സംഗമത്തിന് തൊട്ട് മുൻപ് പരിപാടി കഴിയുകയും ചെയ്തിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് ചെയ്ത കണക്കിൽ കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജൻസിന്‍റെ പേരിലാണ്. 2 ലക്ഷം രൂപയുടെ ബജറ്റാണ് കലാപരിപാടിക്ക് അയ്യപ്പസംഗമത്തിന് മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് 8 ലക്ഷം രൂപ നന്ദഗോവിന്ദം ഭജൻസിന് കൊടുത്തുവെന്നാണ് റിപ്പോർട്ടിലുള്ളത്.

പമ്പയിലോ, സന്നിധാനത്തോ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് പ്രവർത്തകർ പറഞ്ഞു. അതേസമയം പരിപാടി അവതരിപ്പിച്ച ഇഷാൻദേവിന്‍റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ഇല്ല. പരിപാടി നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ കാര്യത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതി വിശദീകരണം നൽകേണ്ടി വരും. ഫെബ്രുവരി 27നകം റിപ്പോർട്ട് നൽകാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് വി.ജയകുമാർ എന്നിവർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. അയ്യപ്പസംഗമത്തിന് ശേഷം വൈകിട്ട് നാലരയോടെ വിജയ് യേശുദാസ്, സുദീപ്കുമാർ, വീരമണി എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാൽ ഇതിന്‍റെ ചെലവും കണക്കുകളിലില്ല. ഇവർ സൗജന്യമായാണ് പരിപാടി നടത്തിയതെന്നാണ് ദേവസ്വത്തിന്‍റെ വിശദീകരണം

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു

ശബരിമല സ്വർണക്കൊള്ള; പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നു

"മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതല്ല"; വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്

മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാടിക്കെതിരേ പോക്സോ കേസ്

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ ചെന്നിത്തല നയിക്കും