ശബരിമല: മഴയും മഞ്ഞും കനത്ത സാഹചര്യത്തിൽ സത്രം-പുല്ലുമേട് കാനനപാതയിലൂടെ തിങ്കളാഴ്ച ഭക്തരെ കടത്തി വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ജില്ലാ ഭരണകൂടവും വനംവകുപ്പിന്‍റെ നിർദേശത്തെ അംഗീകരിച്ചിട്ടുണ്ട്. സത്രത്തിൽ എത്തിയ ഭക്തരെ ബസിൽ പമ്പയിലെത്തിച്ചു.
സത്രത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ഇവിടെ നിന്ന് പുല്ലുമേട്ടിലേക്കും അവിടെ നിന്ന് സന്നിധാനത്തേക്കും 6 കിലോമീറ്റർ വീതമാണുള്ളത്.
പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.