ഇറാനെതിരേയുള്ള ആക്രമണം മാരകമാക്കി യുഎസ്
ടെഹ്റാൻ: ഇറാനെതിരേയുള്ള ആക്രമണം അതിശക്തമാക്കി അമെരിക്ക. ഹോർമൂസ് കടലിടുക്കിൽ രണ്ടു ചരക്കു കപ്പലുകൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമെരിക്കയുടെ കടുത്ത തിരിച്ചടി ആരംഭിച്ചത്. ഹോർമൂസിനു സമീപമുള്ള ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ഈ ആക്രമണം പത്തു ദിവസം മുമ്പ് നടത്തിയ ആക്രമണത്തേക്കാൾ അഞ്ചിരട്ടി വ്യാപ്തിയും ശക്തിയുമുള്ളതായിരുന്നു.
വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്‍റെ ആക്രമണങ്ങൾക്കു തിരിച്ചടിയായാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് യുഎസ് വ്യക്തമാക്കി. ആക്രമണം മണിക്കൂറുകളോളം തുടർന്നേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ദശലക്ഷങ്ങൾ തെരുവിലിറങ്ങിയ സമയത്താണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.
മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ഇറാനിയൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവ് അമെരിക്ക ഇതിനകം പിൻവലിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് ടെഹ്റാനു മേൽ വാഷിങ്ടൺ സമ്മർദ്ദം ശക്തമാക്കിയത്. ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനു ശേഷമുള്ള ഏറ്റവും ശക്തമായ അമെരിക്കൻ ആക്രമണമാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാഴ്ച മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വച്ച ധാരണാപത്രം ഇതോടെ ഗുരുതര പ്രതിസന്ധിയിലായി.
പ്രമുഖ അമെരിക്കൻ മാധ്യമമായ ആക്സിയോസിന്‍റെ റിപ്പോർട്ട് പ്രകാരം യുഎസിന്‍റെ വ്യോമാക്രമണത്തിൽ ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേയ്ക്കുള്ള മിസൈൽ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ റഡാറുകൾ, കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈൽ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
ബന്ദർ അബ്ബാസ്- സിറിക് തുറമുഖ നഗരങ്ങൾ, ഖെഷെം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഖെഷെമിൽ ആറു തവണയും സിറിക്കിൽ ഒൻപതു തവണയും ബന്ദർ അബ്ബാസിൽ പത്തു തവണയുമെങ്കിലും സ്ഫോടന ശബ്ദം കേട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം എൺപതിലധികം ലക്ഷ്യങ്ങൾ കൃത്യതയാർന്ന ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോർട്ട്. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനം, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖല, തീരദേശ റഡാർ കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ സംവിധാനങ്ങൾ കൂടാതെ ഹോർമൂസ് കടലിടുക്കിനു സമീപം പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ 60ലധികം ചെറു ബോട്ടുകൾ എന്നിവ ആക്രമണത്തിൽ തകർത്തതായി സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലുള്ളപ്പോഴാണ് ഈ ആക്രമണ പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് അമെരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച നിരപരാധികളായ വാണിജ്യ കപ്പലുകൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് നേരിട്ടുള്ള മറുപടിയാണ് ഇതെന്നും അമെരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാന്‍റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. മുൻ പരമോന്നത നേതാവിന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ട പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനിടെയാണ്അ മെരിക്ക ആക്രമണം നടത്തിയതെന്നും ഇത് പരസ്യമായ ആക്രമണ നടപടിയാണെന്നും ഇറാൻ ആരോപിച്ചു.