file photo
വാഷിങ്ടൺ: അമേരിക്കയിലെ മിസൗറിയിൽ സ്കൈ ഡൈവിങ്ങിനിടെ വിമാനം തകർന്നുവീണ് ഇന്ത്യൻ ടെക്കിയടക്കം 12 പേർ കൊല്ലപ്പെട്ടു. സൗത്ത് കാൻസാസ് സിറ്റിക്ക് 80 മൈൽ അകലെ ബേറ്റ്സ് കൗണ്ടിയിലെ ബട്ട്‌ലർ മെമ്മോറിയൽ എയർപോർട്ടിലാണ് സംഭവം.
കാൻസാസ് സിറ്റിയിൽ എൻജിനീയറായ സായ് കാർത്തിക് വർമ ദത്‌ലയാണ് (24) മരിച്ച ഇന്ത്യക്കാരൻ. സെൻട്രൽ മിസൗറി യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തബിരുദം നേടിയ കാത്തിക് ആരോഗ്യമേഖലയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് പാരാച്യൂട്ട് അസോസിയേഷൻ ടെക്നോളജി ഡയറക്റ്റർ ജെൻ ഷാർപ്പ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
കാത്തിർക്കിനെയും സ്കൈ ഡൈവർമാരെയും വഹിച്ചുകൊണ്ട് എയർപോർട്ടിൽനിന്ന് പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. പൈലറ്റ് അടക്കം 12 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകർന്നുവീണ വിമാനം പൂർണമായി അഗ്നിക്കിരയായി. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിലത്തുനിന്ന് കഷ്ടിച്ച് 100 അടി മാത്രം ഉയരത്തിലിരിക്കെയാണ് വിമാനം തകർന്നുവീണത്. വിമാനത്തിനു പവർ നഷ്ടമായെന്നും ഇതേത്തുടർന്ന് നിലത്തിറക്കാൻ പൈലറ്റ് ശ്രമിക്കവേയാണ് തകർന്നുവീണതെന്നും ബട്ട്‌ലർ മെമ്മോറിയൽ എയർപോർട്ട് ആക്‌ടിങ് മാനേജർ ഡെന്നിസ് ജേക്കബ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. നിലവിൽ അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വൈസ് ചെയർമാൻ മിഷേൽ ഗ്രഹാം പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനത്തിനു സാധാരണ കൊമേഷ്യൽ വിമാനങ്ങളെ പോലെ ബ്ലാക്സ് ബോക്സ് ഇല്ലെന്നും അതിനാൽ അപകടകാരണം കണ്ടെത്താൻ മറ്റു മാർഗങ്ങൾ തിരയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൈ ഡൈവിങ്ങിനു ഉപയോഗിക്കുന്ന പ്രമുഖ വിമാനമായ ഒറ്റ എൻജിനുള്ള പസഫിക് എയറോസ്പേസ് 750XL അപകടത്തിൽപ്പെട്ടത്. 2010ൽ നിർമിക്കപ്പെട്ട ഇൗ വിമാനം അപകടമുണ്ടായ ദിവസം ഒൻപതുതവണ വിജയകരമായി പറന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടമുണ്ടായത്.