പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാൻ; 80,000 പേരുടെ മുന്നിൽ വച്ച് 13 കാരൻ വെടിയുതിർത്തു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പൊതുമധ്യത്തിൽ വധശിക്ഷ നടപ്പാക്കി താലിബാൻ. ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയെ അതേ കുടുംബത്തിൽ പെട്ട 13 കാരൻ വെടിവച്ച് കൊല്ലുകയായിരുന്നു. 80,000 ത്തോളം പേരുടെ മുന്നിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
സംഭവത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്യാമറകളുള്ള ഫോണുകൾ നിലവിൽ അഫ്‌ഗാനിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് അവഗണിച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താലിബാൻ നിയമ പ്രകാരം ഇരകളുടെ ബന്ധുക്കൾക്ക് കുറ്റവാളിയോട് ക്ഷമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ വഴി ആൺകുട്ടി നിരസിക്കുകയായിരുന്നു. തുടർന്ന് താലിബാൻ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ ലോകത്തിന്‍റെ പലഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. യുഎൻ സ്പെഷ്യൽ റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് വധശിക്ഷയെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയെന്നും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ നടപടിയെന്നും അപലപിച്ചു. മനുഷ്യാവകാശ സംഘടനയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.